Tuesday, July 20, 2010

ഇനി ഒരിടവേള

ഒരു നീണ്ട ഇടവേള ബൂലോകത്ത് നിന്നും.

Monday, July 12, 2010

കി.നാക്കോ : ആഘോഷത്തിന്റെ രാവുകള്‍

അങ്ങനെ ആ ടെന്ഷനുമങ്ങ് ഒഴിഞ്ഞു കിട്ടി.തിളയ്ക്കുന്ന കട്ടന്‍ ചായയില്‍ അടയുന്ന കണ്ണുകളെ പിടിച്ചു നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഫൈനലോടെ അവസാനമായപ്പോള്‍ ഇനി ഒരു നാല് വര്‍ഷത്തെ കാത്തിരിപാണ്.ചില കാഴ്ചകളുണ്ട്‌ മനസ്സില്‍ തങ്ങി നില്ക്കുന്നവ.
അര്‍ജെന്റിന ,മറഡോണ ,മെസ്സി :
മനസ്സിനെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയാണ് ആ ദൃശ്യങ്ങള്‍.ജെര്‍മ്മനിയുടെ പ്രത്യാക്രമണങ്ങളില്‍ അര്‍ജെന്ടീനയുടെ വിഖ്യാത നിര വിരങ്ങലിച്ചപ്പോള്‍ ഒരു മരവിപ്പായിരുന്നു മനസ്സില്‍. 1994-ലെ
മറഡോണ യുടെ പുറത്താകല്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ ലോകകപ്പ്‌ ഫുട്ബാളിന്റെ ആരവങ്ങള്‍.അന്ന് മുതല്‍ നീലയും വെള്ളയും വര മൈതാനത് ഓളം തീര്‍ക്കുമ്പോള്‍ വല്ലാത്തൊരു ആവേശമാണ്. കാരണങ്ങള്‍ ഒരുപാടുണ്ടെങ്കിലും പുറത്തായപ്പോള്‍ രണ്ടു ദിവസം വീട്ടില്‍ അടങ്ങിയിരിക്കുകയല്ലാതെ ഒന്നും മിണ്ടാന്‍ കഴഞ്ഞില്ല.
പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കണ്ടു മെസ്സിയുടെ കാലുകളില്‍.പക്ഷെ ശരിയായ പൊസിഷനില്‍ കളിക്കാന്‍ കഴിയാത്തതിനാല്‍ ആ പ്രകടനം പ്രതീക്ഷക്കൊതുയര്‍ന്നില്ല.
ഈ ലോകകപ്പിന്റെ ഏറ്റവും ദയനീയ കാഴ്ച അര്‍ജെന്ടീനയുടെ നിസ്സഹായത തന്നെ.
സാംബാ താളം നിലച്ചപ്പോള്‍ :
അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ആഹ്ലാദം അണ പൊട്ടിയോഴുകുകയായിരുന്നു.പ്രകടനമായി ഞങ്ങള്‍ കുറെ പേര്‍ അങ്ങാടിയില്‍ ഒത്തു കൂടി.ഇങ്ങനെ ബ്രസീല്‍ തോല്കുമെന്നു ആരും കരുതിയിരുന്നില്ല.ഹോളണ്ട് പോലും.അധികം സന്തോഷിച്ചതിനാലാകാം കിട്ടി അടുത്ത ദിവസം തന്നെ,കൊട്ടക്കണക്കിനു.

വീഴ്ചകള്‍ :
കൊട്ടിഘോഷിച്ചു വന്നു വീണു പോയവര്‍ പലരായിരുന്നു.റൂണി ,ക്രിസ്റ്റിയാനോ,കാക്ക,ദ്രോഗ്ബ,ടോരെസ് ...ലോകകപ്പിന്റെ താരമാകാന്‍ വന്നു വീണു പോയ പേരുകള്‍ ഇനിയുമുണ്ട്.
ഒരു നിമിഷം പോലും പൊരുതാതെ കീഴടങ്ങിയ ഒരേയൊരു ടീമേ ഉള്ളു ഈ ലോകകപ്പില്‍.സിദാന്‍ പോയതോടെ പല്ല് കൊഴിഞ്ഞ ഫ്രഞ്ച് പട .
അവസാന കളിയില്‍ അവസാന നിമിഷങ്ങളില്‍ വല്ലാതെ പൊരുതിയെങ്കിലും ഇറ്റലിയും നിരാശപ്പെടുത്തി

ലൂസേര്‍സ് ഫൈനല്‍ :
അതായിരുന്നു യഥാര്‍ത്ഥ ഫൈനല്‍.ആക്രമണവും പ്രത്യാക്രമണവും മുഴുവന്‍ സമയവും നിറഞ്ഞു നിന്നപ്പോള്‍ ഉറക്കമോഴിച്ചത് ശരിക്കും മുതലായിപ്പോയി എന്ന് പറയാം.
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മറ്റു ചില കളികളുമുണ്ട്‌ .
തുടക്കത്തിലേ വിരസതക്കൊടുവില്‍ നിലനില്പിനായുള്ള ഇറ്റലിയുടെ പോരാട്ടം കണ്ട ഇറ്റലി - സ്ലൊവാക്കിയ മത്സരം സംഭവ ബഹുലമായിരുന്നു.
ഗ്രീസ് - നൈജീരിയ ,യു എസ് എ - സ്ലോവാനിയ, ജപ്പാന്‍ - ഡെന്മാര്‍ക്ക് , കൊറിയ - ഉറുഗ്വായ്,ഉറുഗ്വായ് - ഖാന , ഖാന - യു എസ് എ , ബ്രസീല്‍ - ഹോളണ്ട് മത്സരങ്ങളും രസകരമായിരുന്നു .


ഫോര്‍ലാന്‍ :
അവസാന മത്സരത്തില്‍ ഒരു വശം തിരിഞ്ഞു ഫോര്‍ലാന്‍ നേടിയ ഗോള്‍ മതി പ്രതിഭയുടെ ആഴമളക്കാന്‍. ഫോര്‍ലാന്‍ നേടിയ ഗോളുകളെല്ലാം അസാധ്യമായ പൊസിഷനില്‍ നിന്നായിരുന്നു എന്നതും കഴിഞ്ഞ ലോകകപ്പിലെ സിദാന്റെ പ്രകടനം പോലെ ഒരു ടീമിനെ മുന്നില്‍ നിന്നും നയിച്ച്‌ സെമി വരെ എത്തിച്ചതും സുവര്‍ണ്ണ പന്തിന്റെ യഥാര്‍ത്ഥ അവകാശിയെ നമുക്ക് കാട്ടി തന്നു.

സുവാരസ്,അസിമാവോ ഗ്യാന്.
ഒരു വില്ലന്‍ ഒറ്റ നിമിഷംകൊണ്ട് നായകനാകുന്നതും ഒരു നായകന്‍ ഒറ്റ നിമിഷംകൊണ്ട് വില്ലനാകുന്നത് ഖാന - ഉറുഗ്വായ് ക്വാര്ട്ടരിന്റെ അവസാന നിമിഷം നാം കണ്ടു.ഗോളെന്നുറച്ച ഷോട്ട് കൈ കൊണ്ട് തട്ടിയിട്ടു സുവാരസു വില്ലനായെന്നു തോന്നിച്ച ഖട്ടത്തില്‍ കിട്ടിയ പെനാല്‍റ്റി പുറത്തെക്കടിച്ച ഗ്യാന്‍ വില്ലന്‍ പദവി സുവാരസില്‍ നിന്നും ഏറ്റെടുക്കുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഖാന പുറത്തായപ്പോള്‍ ഒരു വന്‍ കരയുടെ സ്വപ്നം അവിടെ കേട്ട് പോകുകയായിരുന്നു.


വുവുസേല , ജബുലാനി
കടല്‍ വണ്ടിന്റെ ഈ മൂളിച്ച ചെവിയില്‍ തുളച്ചു കയറിയപ്പോള്‍ വല്ലാത്ത അസഹനീയത ആയിരുന്നു.പിന്നെ അതൊരു ശീലമായപ്പോള്‍ ഇനി വുവുവ്സേല ഇല്ലാതെ
കളി കാണാന്‍ കഴിയില്ലേ എന്ന് തോന്നിപ്പോകുന്നു.
അടിച്ചിടതെക്ക് കയരിപ്പോകാത്ത പന്ത് ആണത്രേ അത്. ഇംഗ്ലണ്ട് -യു എസ് എ മത്സരത്തില്‍ ഗോളിയുടെ കയ്യില്‍ കിട്ടിയ ബോള്‍ വളക്കുള്ളിലേക്ക് വഴുതിപ്പോയപ്പോള്‍ ജബുലാനി യെ കുറ്റം പറയാന്‍ തുടങ്ങി പലരും. ഗോളിയെ മാറ്റിയെങ്കിലും ജെര്‍മനിക്ക് മുന്നില്‍ ഇംഗ്ലണ്ട്ഇന്റെ കഥ കഴിഞ്ഞു.

ഒരു കറുത്ത ഞായര്‍ :
റഫറിയിങ്ങിലെ അപാകതകള്‍ കൊണ്ടാണ് ആ ഞായര്‍ ശ്രദ്ധിക്കപ്പെട്ടത്.ലാംപാര്‍ഡിന്റെ അത്യുഗ്രന്‍ ഷോട്ട് ഗോളായിട്ടും റഫറീ കാണാതിരുന്നപ്പോള്‍ കളിയുടെ ഗതി തന്നെ മാറിപ്പോയി.ഇംഗ്ലണ്ട് തീരെ താല്പര്യമില്ലാത്ത ടീം ആണെങ്കിലും അന്നത്തെ കളി കഴിഞ്ഞപ്പോ എന്തോ ഒരു വിഷമമുണ്ടായിരുന്നു.
അതെ ദിവസം ടെവെസിന്റെ ഒരു ക്ലിയര ഓഫ് സൈട് ഗോള്‍ റഫറീ അനുവദിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കൊറിയ , ജപ്പാന്‍
ഏഷ്യന്‍ ടീമുകള്‍ വീരോചിതം പൊരുതി. ഡെന്മാര്‍ക്ക്‌-മായുള്ള ജപ്പാന്റെ പോരാട്ടം അത്യുഗ്രന്‍ ദ്രിശ്യ വിരുന്നു തന്നെയായിരുന്നു . ഉറുഗ്വായുമായി നന്നായി കളിച്ചെങ്കിലും കൊറിയ തോറ്റത് നിര്‍ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

എന്റെ സ്വപ്ന ടീം
ഗോളി
റിച്ചാര്‍ഡ്‌ കിങ്ങ്സന്‍(ഖാന )

പ്രതിരോധം
രാമോസ് (സ്പെയിന്‍ )
പ്യുയോള്‍ (സ്പെയിന്‍ )
മൈകോന്‍ (ബ്രസീല്‍ )
വാന്‍ ബ്രോന്കൊസ്റ്റ് (ഹോളണ്ട് )-ക്യാപ്റ്റന്‍

മധ്യ നിര
ഇനിയെസ്റ്ട(സ്പെയിന്‍ )
സാവി (സ്പെയിന്‍ )
മുള്ളര്‍(ജെര്‍മനി )

മുന്നേറ്റ നിര
ഫോര്‍ലാന്‍ (ഉറുഗ്വായ് )
മെസ്സി (അര്‍ജെന്റീന )
വിയ്യ (സ്പെയിന്‍)

Thursday, June 10, 2010

പാറുവമ്മയുടെ സങ്കടങ്ങള്‍



മണ്ണില്‍ തളിര്‍ത്തവര്‍
മണ്ണില്‍ വളര്‍ന്നവര്‍
മണ്ണോടു ചേരാതെ
ഊരു വിട്ടോടണം.

കണ്ണീരു വറ്റാത്ത
പാറുവമ്മയ്ക്കുണ്ട്
ഉള്ളോട് ചേരുന്ന
നെല്ലിലും വയലിലും
തുടി കൊട്ടിപ്പാടാന്‍
ചില സങ്കടപ്പാട്ടുകള്‍.

വറ്റാല്‍ തിളക്കണം മണ്കലം-
കുത്തിയിരുന്നോരോ ഉരുളകള്‍,
ചൊല്ലണം പൊയ്കഥകള്‍.
മുടിയിഴകള്‍ നരകീറി
ഊര്‍ന്നു വീഴുമ്പോഴും
ശീലങ്ങള്‍ തെറ്റാതെ
തിരുകണം തുളസിയില.
ഇളകുമ്പോള്‍ കാലന്റെ
കാഹളം മുഴങ്ങുന്ന
ചായ്പിലെ കട്ടിലില്‍
ചാഞൊന്നുറങ്ങണം.
ഉള്ളപ്പോള്‍ പഴിയേറെ
കൊണ്ടുവെന്നാകിലും
പിള്ളേരെ അച്ഛനോടൊപ്പം
ഒടുങ്ങണം.

കൊടിയില്ല നിറമില്ല
അരിവാളിന്‍ മുനയില്ല.
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്.
ഭൂമിക്ക് നോവാതെ ഞങ്ങള്‍ നടന്നോളാം
വികസന ഭ്രാന്തിന്റെ
വയറുകള്‍
നിറയട്ടെ.

Monday, May 10, 2010

കിനാലൂരില്‍ നടക്കുന്നത്

മോഹന്‍ലാലിന്റെ 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്നാ ചിത്രത്തില്‍ ഭൂമാഫിയ ഒരു ഗ്രാമത്തെ ടൌണ്‍ഷിപ്പിന്റെ പേരില്‍ വശീകരിചെടുക്കുന്ന തന്ത്രം അതി മനോഹരമായി വരച്ചു വെച്ചിരുന്നു.സ്വര്‍ഗ്ഗ തുല്യമായ തന്റെ ഭൂമി ഒറ്റയാള്‍ പോരാട്ടത്തിലൂടെ മോഹന്‍ലാലിന്റെ കഥാപാത്രം വീണ്ടെടുക്കുവാന്‍ വേണ്ടി നടത്തുന്ന ചില ശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.കിനാലൂരിലെ കാഴ്ചകള്‍ക്ക് ചിത്രവുമായുള്ള ബന്ധം ഭൂമാഫിയയുമായി ബന്ധപ്പെട്ട ചില ചചുറ്റിക്കളികളുടെ വാര്‍ത്തകളാണ്.ചിത്രത്തില്‍ നിന്ന് വിപരീതമായി ഭരണ വര്‍ഗത്തെ ചില നാടന്‍ സഖാക്കളോഴികെ ഒരു നാട് മുഴുവന്‍ വികസനങ്ങളുടെ പേരിലുള്ള ഈ മുതലെടുപ്പുകളെ ശക്തിയായി എതിര്‍ക്കുമ്പോള്‍ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് സമാധാനപരമായ പ്രതിഷേധങ്ങളെ തകര്തെരിയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ജനകീയ ഐക്യ വേദിയുടെയും ജനജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തിന്റെ ആവശ്യകത തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടത് തന്നെ. കിനാലൂരില്‍ എന്ത് സാധനമാണ് തുടങ്ങാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ഒരു വ്യക്തമായ മറുപടി നല്‍കാന്‍ എളമരം സഖാവിന് ഇത് വരെ കഴിഞ്ഞിട്ടില്ലെന്നതന്നു കാതലായ ഒരു പ്രശനം.മലേഷ്യന്‍ കമ്പനിക്ക് വേണ്ടി സാറ്റ്ലൈറ്റ് സിറ്റിയാണ് വരാന്‍ പോകുന്നതെന്ന് ആദ്യം പറഞ്ഞു.പിന്നെ മെഡി സിറ്റിയാനെന്നായി.അവരുമായുള്ള കരാര്‍ കാലഹരണപ്പെട്ടപ്പോള്‍ ഫൂട്ട്വെയര്‍ പാര്‍ക്കാന് സ്ഥാപിക്കുന്നതെന്നു മാറ്റിപ്പറഞ്ഞു.ഇപ്പോള്‍ മന്ത്രി പറയുന്നത്‌ വ്യവസായ വകുപ്പിന്റെ 278 ഏക്കറില്‍ 78 ഏക്കര്‍ ഫൂട്ട്വെയര്‍ പാര്‍ക്കിനും 50 ഏക്കര്‍ കിന്ഫ്രാക്കും നീക്കി വെച്ചതാനെന്നാണ്.ബാക്കി 150 ഏക്കര്‍ കാണിച്ചാണ് നാലുവരിപ്പാതക്കായി മന്ത്രി വാശി പിടിക്കുന്നത്‌.ഇപ്പോള്‍ ഒരു ദുബായ്‌ കമ്പനിയുടെ പേര് കൂടെ പറഞ്ഞു കേള്‍ക്കുന്നു.പാര്‍ക്കിന്റെ കാര്യത്തില്‍ ഈയൊരു അനിശ്ചിതത്വം നിലന്ല്‍ക്കുമ്പോള്‍ നാലുവരിപ്പാതയുടെ കാര്യത്തില്‍ ഭരണകൂടം വാശി പിടിക്കുന്നതെന്താനെന്നതാണ് നാട്ടുകാര്‍ മൊത്തം ചോദിക്കുന്നത്. ജനകീയ ഐക്യ വേദി സമര്‍പ്പിച്ച ബദല്‍ പാതയെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.താമരശ്ശേരി മലോറത്തു നിന്ന് ചുരുങ്ങിയ ദൂരം റോഡുന്ടാക്കുന്നതിനു പകരം നൂറു കണക്കിന് ഏക്കര്‍ വയലുകളും അറുനൂറോളം വീടുകളും തകര്‍ത്തു എന്തിന്നാണ് ഈ വികസനം എന്നത് കിനാലൂര്‍ നിവാസികളെ പോലെ നമ്മെയും ചിന്തിപ്പിക്കെണ്ടാതുണ്ട്.

ഇതിനിടയില്‍ എളമരം കരീമിന്റെയും ജില്ല കളക്റ്റരുടെയും പ്രസ്താവനകളിലെ വൈരുധ്യവും ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.നാല് വരിപ്പാതയുടെ അലൈന്മേന്റ്റ്‌ തയ്യാറായിട്ടില്ലെന്നും സാധ്യതാ പഠനം മാത്രമാണ് നടക്കുന്നതെന്നുമാണ് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ടസ്ട്രിയല്‍ ഗ്രോസ് സ്കീമില്‍ ഉള്‍പ്പെടുത്തി 10 വര്ഷം മുമ്പ് കിനാലൂരിലെ ഭൂമി ഏറ്റെടുത്തതാണെന്നും അലൈന്മേന്റ്റ്‌ തയാറാക്കി അതില്‍ മാളിക്കടവ്-ചേളന്നൂര്‍-കാക്കൂര്‍-കിനാലൂര്‍ 26 കിലോ മീറ്റര്‍ റോഡു ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്കിയതാനെന്നുമാണ് കളക്റ്റര്‍ പറയുന്നത്.ഇങ്ങനെ തികച്ചും നിഗൂഡമായ രീതിയിലുള്ള ചില സംഭവങ്ങളാണ് ജനങ്ങളെ സമര പദ്ധതിലേക്ക് അടുപ്പിക്കുനത്.

തങ്ങളെ മൊത്തം നേരിടുന്ന ഒരു പ്രശ്നമെന്ന നിലയില്‍ ഒരു നാട് മുഴുവന്‍ സമര രംഗത്തിറങ്ങിയപ്പോള്‍ 'ചാണക വെള്ള'മെന്ന അതിമാരകായുധം പ്രയോഗിച്ചത് 'മത മൌലിക വാദികളുടെ' കൂട്ടമാനെന്നും അവര്ക്ക് രാഷ്ട്രീയത്തിലേക്കുള്ള രംഗ പ്രവേശത്തിന് വേണ്ടിയാണിത് ചെയ്യുന്നതെന്നും മറ്റുമുള്ള വിഡ്ഢിത്തങ്ങള്‍ വിളിച്ചോതി സമരത്തെ സാമുദായിക വല്ക്കരിക്കാനുള്ള ശ്രമങ്ങളും ജനകീയ സമരങ്ങലോരുപാട് കണ്ടിട്ടുള്ളവരുടെ ഭാഗത്ത്‌ നിന്നുന്മുണ്ടാകുന്നു.

ഇപ്പോഴും കിനാലൂരിലെ ജനങ്ങള്‍ ജനങ്ങള്‍ ഭീതിയിലാണ്.രാത്രിയില്‍ പോലും പോലീസുകാരുടെ റോന്തു ചുറ്റലാണ് നാട് മുഴുവന്‍.150 പേര്‍ക്കെതിരെ വധ ശ്രമത്തിനു കേസെടുതാണ് പോലീസ് ഒരു ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.ഒരുപാട് സമരങ്ങള്‍ കണ്ട കേരളത്തിന്റെ മണ്ണില്‍ ഈ സമരവും ഒരു വിജയം തന്നെയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അടുത്ത കാലത്തെ പ്ലാച്ചിമട,ചെങ്ങറ സമരങ്ങളുടെ വിജയം ഇവിടെയും ആവര്‍ത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Monday, May 3, 2010

'അങ്ങനെ എനിക്കൊരു സുഹൃത്തിനെ കിട്ടി'.

ഒരു കിടപ്പില്‍ ലോകത്തെ മുഴുവനുമറിയുന്ന എന്റെ പ്രിയ സുഹൃത്ത്‌ റഈസ് വെളിമുക്കിന്...

ക്ലോറോഫോം മണക്കുന്ന ആ വരാന്താകള്‍ എനിക്കേറെ ഇഷ്ടമാണെന്ന് പറയേണ്ടി വരും.ഒരു ചെറിയ പനി വരുമ്പോഴേക്ക് കാളകളെക്കാള്‍ ഉച്ചത്തില്‍ അമറാന്‍ തുടങ്ങും.പിന്നെ ആശുപത്രിയുടെ പടി കണ്ടാലേ തന്റെ അലറല്‍ നിര്‍ത്തൂ.ഡോക്റ്റര്‍ സൂചി കുതിതാഴ്തുന്നത് കാണുമ്പോള്‍ വീണ്ടും കരച്ചില്‍ തുടരും .ചിലപ്പോള്‍ ഒരു അസുഖവുമില്ലെങ്കിലും ക്ലോരോഫോമിന്റെ മണവും നഴ്സുമാരുടെ കിന്നാരങ്ങളും കേട്ട് ആ ഇടനാഴികളിലെവിടെയെന്കിലും ചുറ്റി നടക്കും.

ചില വാതിലുകള്‍ക്ക് മുന്നില്‍ ഒരു നിമിഷമൊന്നു നില്‍ക്കും.അടക്കിപ്പിടിച്ച ചില കരച്ചില്‍ കേള്‍ക്കാം-ചിലപ്പോള്‍,കുഞ്ഞിക്കാല്‍ കണ്ട ചില ചിരികളും.എത്ര വേദനകള്‍ അടുത്ത് കണ്ടാലും അനുഭവിച്ചരിഞ്ഞാലും ജീവിതത്തെ ഒരു നിലയ്ക്കുമത് സ്വാധീനിച്ചില്ല.ഇപ്പോഴും ചെറിയ പനി അടുത്ത് കൂടെ പോകുമ്പോള്‍ അമറാന്‍ തുടങ്ങും.ചെറിയതലവേദന വന്നാല്‍ ചെയ്യുന്ന പണി നിര്‍ത്തി മടിയോടെ ഒരിടത് ചുരുണ്ട് കൂടും.

പ്രായത്തില്‍ ഇത്തിരിയും കാഴ്ചയില്‍ അതില്‍ ചെറുതുമായ ഒരു മനുഷ്യന്‍ മുന്നിലൂടെ വീല്‍ ചെയറില്‍ ചിരിച്ചു കൊണ്ട് കടന്നു പോയപ്പോള്‍ എന്തോ പെട്ടെന്ന് മനസ്സില്‍ നീറ്റല്‍ പോലെ.അടുത്ത റൂമിലേക്ക്‌ അവന്‍ കയറിപ്പോകും വരെ ആ വീല്‍ ചെയറിന്റെ ചലനം തന്നെ നോക്കി നിന്നു.അടച്ചിട്ട റൂമിന്റെ വാതില്‍ പതിയെ തുറന്നു ഞാന്‍ അകത്തു കയറി.അവിടെ കയറിയപ്പോഴേ എന്റെ നെഞ്ജിടിക്കാന്‍ തുടങ്ങി.നേഴ്സ് സൂചി അവന്റെ കയ്മുട്ടിലേക്ക് താഴ്ത്തിയിരക്കുകയായിരുന്നു.ഒരു ഭാവ വ്യത്യാസവുമില്ലായിരുന്നു അവനു.അതെ ചിരി വീണ്ടും ആ മുഖത്തു.ഉച്ചതിലൊരു കരച്ചില്‍ പ്രതീക്ഷിച്ചതിനാലാകാം നേഴ്സ് ചോദിച്ചത്-വേദന അടക്കിപ്പിടിച്ചതാണോ എന്ന്.നമ്മുടെ ഡിക്ഷ്ണറിയില്‍ അങ്ങനെ ഒരു വാക്കില്ലെന്ന അവന്റെ മറുപടി .

കയറിച്ചെന്ന ഉടനെ സലാം പറഞ്ഞു ഞാന്‍ എന്റെ കൈകള്‍ അവനു നേരെ നീട്ടി.അതെ ചിരിയോടെ അവന്‍ എനിക്കൊരു മറുപടി തന്നു-തല ഇളക്കി അവനെന്നോട് ഇരിക്കാന്‍ പറഞ്ഞു.കിടക്കയില്‍ മുഖമോഴികെ മൂടിപ്പുതച്ചു കിടക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ഇരുളില്‍ മുങ്ങി പതിയെ ഉദിച്ചുയരുന്ന സൂര്യ രശ്മികളെയാണ് എനിക്കോര്മ്മ വന്നത്.

പിന്നെ അവന്‍ സംസാരിക്കാന്‍ തുടങ്ങി.ഒരു ചെറു ചിരിയോടെയുള്ള അവന്റെ ഓരോ വാക്കുകളും എനിക്ക് പുതിയൊരു സുഹൃത്തിനെ തരികയായിരുന്നു.സംസാരതിനിടയിലെവിടെയോ അവന്‍ തന്നെ പറ്റിയും പറയാന്‍ തുടങ്ങി.ചെറുപ്പത്തില്‍ സംഭവിച്ച ആക്സിടെന്റും അതില്‍ പൂര്‍ണ്ണമായി തളര്‍ന്നു പോയ തന്റെ ശരീരത്തെ കുറിച്ചും.പറയുമ്പോള്‍ തനിക്കെഴുന്നേറ്റു നടക്കാന്‍ കഴിയാത്ത ഭൂമിയുടെ താളങ്ങളും തൊട്ടറിയാന്‍ കഴിയാത്ത വായുവിന്റെ ചലനങ്ങളും അവന്റെ കണ്ണ് നിറക്കുമെന്ന് ഞാന്‍ കരുതി.പക്ഷെ തല മാത്രമിളക്കാന്‍ കഴിയുന്ന അവന്‍ ജീവന്‍ തുളുമ്പുന്നുവെങ്കിലും നിശ്ചലം എന്ന് പറയാവുന്ന ജന്മങ്ങളുടെ ഉടലിനെ തോല്പിക്കുമാര് സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.ഒരു നിമിഷം പോലും എനിക്ക് മുന്നിലുള്ളത് തല കൊണ്ട് മാത്രം തൊട്ടറിയാനും ചിന്തിചെടുക്കാനും കഴിയുന്ന ഒരു സഹ ജീവിയാണെന്നു എനിക്ക് തോന്നിയതേയില്ല.കുറെ സംസാരിച്ചു പുറത്തിറങ്ങിയപ്പോ ജീവിതത്തെ കുറിച്ച് എന്തൊക്കെയോ ഞാന്‍ അറിയാന്‍ തുടങ്ങിയിരുന്നു.കുറെ വായിച്ചും അറിഞ്ഞും കണ്ടും കേട്ടും കിട്ടാത്ത ഒരു വെളിച്ചം ആ സുഹൃത്ത്‌ എനിക്ക് നല്‍കിയിരുന്നു.

Tuesday, April 20, 2010

വീണ്ടുമൊരു ബോംബ്

പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വീണ്ടും ആഘോഷ നിമിഷങ്ങള്‍.വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഐ പീ എല്‍ മത്സരങ്ങള്‍ക്കിടയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാന്‍ പോയ സുഹൃത്ത്‌ പുറത്തു ഒരു അമിട്ട് പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ വിളിച്ചതാണെന്നെ.സംഭവമെന്തെന്നരിയാന്‍.ടി വി തുറന്നപ്പോള്‍ ജനരേറ്റര്‍ പോട്ടിതെരിച്ചതാനെന്ന ആദ്യ ന്യൂസ്‌ കേട്ടപ്പോ ഒരു സമാധാനം.പിന്നെ പയ്യെ വാര്‍ത്ത മാറി മറിയാന്‍ തുടങ്ങി.ബോംബ് പൊട്ടിയതാണത്രേ.ഓരോ ബോംബു പൊട്ടുമ്പോഴുമെന്ന പോലെ ഇത്തവണ ഏതു നസീറും നാസറും മുജാഹിദീനുമാണ് ഇതിനു പിന്നിലെന്ന സംശയവും ഉറപ്പും ഫ്ലാഷ് ന്യൂസുകളില്‍ ഒഴുകിക്കൊണ്ടേ ഇരിക്കുന്നു.ഇതൊന്നും ഒരു പുതുമയല്ലാത്തത് കൊണ്ട് ചാനലുകലോരോന്നായി മാറ്റി നോക്കി.എവിടെയങ്കിലും മറ്റെന്തെങ്കിലും പറയുന്നുണ്ടോ എന്ന്.ഒടുവില്‍ വാതുവെപ്പുകാര്‍ മുംബൈയുടെ സെമി ഫൈനല്‍ മാച്ച് ഹോം ഗ്രൗണ്ടില്‍ നടക്കാന്‍ വേണ്ടി ചെയ്തതാകാനും സാധ്യതയുണ്ടെന്ന നിരീക്ഷണം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി പങ്കു വെച്ചപ്പോള്‍ ഇവിടെയെങ്കിലും ശരിയായ അന്വേഷണം നടക്കുമെന്ന ഒരു ചെറിയ ആശ്വാസം എനിക്കുമുണ്ട്.പക്ഷെ കേന്ദ്രസേന ഇന്ത്യന്‍ മുജാഹിദീനെ തന്നെ ഉറപ്പിച്ചു വെച്ചിരിക്കുകയാനെന്നാണ് കേള്‍ക്കുന്നതു.ചെയ്തത് ആരായാലും സത്യം പുറത്തു കൊണ്ട് വരണം.എന്നാല്‍ ആദ്യമേ രചിച്ച തിരക്കഥ ഇവിടെയും ആവര്‍ത്തിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.

Friday, March 5, 2010

ഒരു വര്‍ഷം

ബൂലോകത്ത് ഒരു വര്‍ഷം


ഭൂലോകത്ത് മറ്റൊരു വര്‍ഷം.

രണ്ടും ഒന്നിച്ചു വന്നത് തികച്ചും യാദൃശ്ചികമല്ലെങ്കിലുംമനപ്പൂര്‍വമായിരുന്നില്ല.ബ്ലോഗ്‌ എന്താണെന്ന് പോലും അറിഞ്ഞു കൂടായിരുന്നകാലത്ത് സുഹൃത്ത്‌ അരുണ്‍ ആണ് സംഭവത്തിന്റെ ഒരു ഐഡിയ തന്നത്.അന്നുംമലയാളത്തില്‍ സംഗതി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാരന്‍സുഹൃത്ത്‌ ശ്രദ്ധേയന്‍‍ ആണ് രംത്തെക്ക് എല്ലാ വിധ സഹായങ്ങളുമായി കൂടെകൂടിയത്.2009 മാര്‍ച്ച് 8-നു ആദ്യ പോസ്റ്റിട്ട ശേഷം പിന്നെയും കുറെ കഴിഞ്ഞാണ്ചിന്തയെ കുറിച്ചറിയുന്നത്.ചിന്തയില്‍ പോസ്റ്റുകളിട്ട ശേഷം കുറച്ചാളുകളെങ്കിലുംവായിക്കാനും അഭിപ്രായം പറയാനും തുടങ്ങി.ഏറെ കമന്റുകള്‍ പ്രതീക്ഷിച്ചപോസ്റ്റുകള്‍ക്ക്‌ തീരെ കമ്മന്റുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ചിലപ്പോനിരാശപ്പെട്ടെന്കിലും എഴുതാന്‍ തോന്നിയപ്പോഴൊക്കെ വീണ്ടും വീണ്ടും എഴുതികൊണ്ടേയിരുന്നിട്ടുണ്ട്.കവിതയും പ്രതികരണങ്ങളുമായി ആനുകാലികവിഷയങ്ങളില്‍ പരമാവധി ഇടപെടാന്‍ ശ്രമിചിട്ടുന്ടെന്നാണ് കരുതുന്നത്.ഒട്ടുമിക്കപോസ്റ്റുകളും,അത് കഥയോ കവിതയോ പ്രതികരണമോ ലേഖനമോ എന്ത് തന്നെആയാലും ഓടിച്ചു നോക്കാനും പലതിലും അഭിപ്രായം പറയാനും ശ്രമിക്കാറുണ്ട്.




അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമായി കൂടെ നടന്നു കൊണ്ടിരിക്കുന്നസുഹൃതുക്കള്‍ക്കെല്ലാം ഒരുപാട് നന്ദി.സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ത്തു തന്നആദ്യാക്ഷരി' ബ്ലോഗ്‌,പോസ്റ്റുകള്‍ വായനക്കാരിലെതിച്ച 'ചിന്ത' അഗ്രിഗേറ്റര്‍-ഇവരെ പ്രത്യേകം സ്മരിക്കാതെ വയ്യ. '



ഇനിയും ചുരുള്‍ വഴി കടന്നു പോകണമന്ന അഭ്യര്‍ത്ഥനയോടെ.

Friday, February 26, 2010

പ്രേക്ഷകന്‍ ഞാന്‍-കാണുന്നുണ്ട്.



ഒരു തുള്ളി ദ്രവം
തെറിച്ചു വീണതത്രെ.
പേറ്റുനോവാല്‍ മാതൃത്വവും
മുലത്തുമ്പാല്‍ ബാല്യവും
ഒട്ടിപ്പിടിച്ചതത്രെ.
നടന്നതും തടഞ്ഞു വീണതും
പിന്നെ നേടിയെടുത്തതും.
കൊക്കയില്‍ വീണ്‌
വാനോളം
ഒടുങ്ങിപ്പോയെന്ന്.
കുഴിബോംബു പൊട്ടി
പട്ടിണിക്കോലങ്ങള്‍
വിശപ്പറിയാ ലോകം
കാണാന്‍ പോയെന്ന്.
ഒരു പാതിരാവില്‍
ഒരു ചെറിയ ചലനം.
പിന്നെ കുറെ നിശ്ചലതകള്‍.
കണ്ടു കൊണ്ടിരിക്കയാണ്
ഞാന്‍-പ്രേക്ഷകന്‍.
തൊട്ടാല്‍ പൊള്ളിയ
തൊലിപ്പുറങ്ങള്‍,
തിരയായടിച്ച്
മണല്‍ത്തരികളില്‍
ആര്‍ത്തൊടുങ്ങിയതും-പിന്നെ
തളര്‍ന്നതും
ചുക്കിച്ചുളിഞ്ഞതും.
കാണുന്നു തല്‍സമയം -
എന്നും ഞാന്‍ പ്രേക്ഷകന്‍.
മിഴികള്‍ തുറന്ന്
തലമുറകള്‍
ഫ്ലാഷ് ന്യുസുകളില്‍
ചടഞ്ഞിരിപ്പുണ്ടെന്ന്.
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്.

Tuesday, February 16, 2010

മൈ നൈം ഈസ്‌ ഖാന്‍(i'm not a terrorist)

(മുമ്പ് പബ്ലിഷ് ചെയ്തതാണ്..പുതിയ പേരില്‍ വീണ്ടും )


മതത്തെ അറിയാത്ത ചിലരുടെ ചെയ്തികളുടെ പേരില്‍ ഒരു സമൂഹം മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍

(പ്രചോദനം - 'മുസ്ലിം' .....സച്ചിദാനന്ദന്‍ )

പിന്നെ അവര്‍ എന്നെ
തേടിയും വന്നു ...
പ്രതികരിക്കാന്‍ കഴിയാത്ത വിധം
എന്റെ ചൂണ്ടു വിരലും
അവര്‍ മുറിചെടുതിരുന്നു.
*******
എനിക്കുമുണ്ടായിരുന്നൊരു ബാല്യം.
ഉമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങിയ
പാഠ പുസ്തകങ്ങളിലെ കുട്ടിക്കാലം.
പഠിച്ചതെല്ലാം മനുഷ്യനെ കുറിച്ചായിരുന്നു.
നിറവാര്‍ന്ന മനുഷ്യ സ്നേഹത്തെ കുറിച്ച്.
********
ഇന്നിവിടെ ഈ അഴികളില്‍
ഞാനൊരു ഭീകര വാദിയാണ്.
ഹൃദയത്തിലുരുവിടും ബാങ്കുകള്‍
അയല്‍കാരനെ വെട്ടി നുറുക്കും
മന്ത്രങ്ങളായി മാറ്റുന്നവന്‍ .
ചിന്തകളെ നയിക്കും സൂക്തങ്ങള്‍
സുഹൃത്തിന്‍ കഴുത്തില്‍
കടാരയായ്‌ ആഴ്ത്തുന്നവന്‍ .
നീട്ടിവളര്‍ത്തും താടിയിലും
അറബിപ്പെരിലും
നെറ്റിയില്‍ മിന്നും നിസ്കാരതഴംബിലും
സമൂഹമലക്കപ്പെടും കാലം.
മാപ്പിളപ്പാട്ടിലും ഗസലിലും
ഒപ്പന തന്‍ ചുവടിലും
കത്തിയും ബോംബും
നിറയും നേരം.
നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-
അയല്‍കാരന്റെ ഒട്ടിയ വയറില്‍
സുഖിക്കുന്നവന്‍
നിഷേധിയെന്നോതിയ
തത്വങ്ങള്‍
മഴയായ്‌ പതിക്കുകയാനിവിടെ.
ഇനിയും തളരാതെ
നില്‍ക്കുമീ വഴികളില്‍
വഴികാട്ടിയായീ
ഗ്രന്ഥമുള്ളത്രയും.

Wednesday, February 3, 2010

കേളപ്പേട്ടന്റെ നെടുവീര്‍പ്പുകള്‍

ആദ്യ നെടുവീര്‍പ്പ്
അന്നാണ് കേളപ്പേട്ടന്‍ ആദ്യമായി നെടുവീര്‍പ്പിട്ടത്.അമ്മദാജി മുണ്ടും പൊക്കി ഓടുന്നത് പറമ്പത്തെ തെങ്ങിന്‍ മുകളിലിരുന്നു കേളപെട്ടന്‍ കണ്ടു.അങ്ങനെയൊന്നും അമ്മദാജി ഓടാറില്ല.കൊണ്ടോട്ടീന്നു കെട്ടിക്കൊണ്ടു വന്ന പാതുമ്മതാത്ത ആദ്യ പേറ്റുനോവാല്‍ പുളയുംബോഴും അമ്മദാജി ഓടിയിരുന്നില്ല .

"അല്ലാന്ന്,ങ്ങളെട്തെക്കാ പായ്ന്നെ...ബല്ലാതൊരു പാച്ചില്‍....അങ്ങാടിലെന്ത്നാ പോത്ത്‌ പെറ്റ്ക്ക്ണ്ടാ...?" തെങ്ങിന്‍ മുകളിലിരുന്ന് കേളപ്പെട്ടന്‍ വിളിച്ചു ചോദിച്ചു.

"സ്കൂള്‍ പറമ്പില് എന്തോര് ജീവി ബന്ന്ക്ക്ണ്ട്...ഇഞ്ഞ് ബേം കീഞ്ഞിക്ക് പോരി.."
മൂത്ത് നിന്ന കരിക്ക് ഒറ്റ വലിക്കു താഴേക്കിട്ടു കേളപെട്ടന്‍ ഓടി-സ്കൂള്‍ പറമ്പിലേക്ക്. നാട്ടുകാര് മൊത്തമുന്ടായിരുന്നവിടെ. എവിടെയെത്തിയാലും കേളപ്പെട്ടനൊരു സ്വഭാവമുണ്ട്.തെങ്ങിന്റെ തലപ്പതെക്കാണ്നോട്ടം.
തെങ്ങില്‍ തലപ്പില്‍ പല്ല് വെച്ചുരക്കുന്ന ജീവിയെ കണ്ടപ്പോ കൂട്ടത്തിലാരോ വിളിച്ചു പറയാന്‍ തുടങ്ങി. "അമ്മാമന്‍ ബന്ടീന്റെ എളിയയായിട്ട് ബരുമിത്..."

"ജെ സി ബി യെന്നും പറയാം "നാട്ടിലല്പം ലോക വിവരമുള്ള കരീം മാഷ്‌ തന്റെ എന്സൈക്ലോപീഡിയ തുറക്കാന്‍ തുടങ്ങി.

ആരെയും ഇത് വരെ വില വെക്കാതിരുന്ന കേളപ്പെട്ടന് അന്നാദ്യമായി ബഹുമാന ഭാരത്താല്‍ തന്റെ തല താഴുന്നത് പോലെ തോന്നി.ഒറ്റയടിക്ക് തെങ്ങിന്‍ തലപ്പില്‍ കയറിപ്പറ്റുന്ന ആ ജീവിയെ മനസ്സില്‍ ധ്യാനിച്ച്‌ കേളപ്പെട്ടന്‍ ജീവിതത്തിലാദ്യമായി നെടുവീര്‍പ്പിട്ടു.


അവസാന നെടുവീര്‍പ്പ്

തഴമ്പ് കയറി കട്ട പിടിച്ച കാല്‍ തഴുകി കേളപ്പട്ടന്‍ പിറുപിറുത്തു.. കൊരണക്കുന്നിന്റെ മുകളിലെ ചെറ്റക്കുടിലിലിരുന്നു കേളപ്പേട്ടന്‍ പിരുപിരുക്കുന്നത് താഴെ കണാരേട്ടന്റെ കുമിട്ടിയിലിരുന്നു ചായ നുണയുന്നവര്‍ക്ക് വ്യക്തമായി കേള്‍ക്കാം. പണ്ട് നാട്ടു വര്‍ത്തമാനങ്ങളും രാഷ്ട്രീയവും ഇടക്കൊരോ തല്ലുമോക്കെയായി സജീവമായിരുന്നത്രേ കണാരേട്ടന്റെ ചായക്കട.ഞങ്ങളുടെ സ്കൂളിലേക്കുള്ള വഴിയിലായതിനാല്‍ ഇടയ്ക്കു ഞങ്ങളും കൂടും,ഒന്നുമറിയില്ലെങ്കിലും.കണാരേട്ടന്‍ ചായ പാരുന്നത് കാണാന്‍ നല്ല രസമായിരുന്നു. ആദ്യം വന്ന ആളുകളുടെ എണ്ണമെടുക്കും. പിന്നെ അത്രയും എണ്ണത്തിന് ഒന്ന് കൂടുതല്‍ എന്ന കണക്കില്‍ ഗ്ലാസ് നിരത്തി വെക്കും മണ്ണ് കെട്ടിയുണ്ടാക്കിയ തിണ്ണയില്‍.ആ ഒരു ഗ്ലാസ് കണാരേട്ടനാണ്.പിന്നെ ഒന്നിച്ചു ഗ്ലാസ്സുകളില്‍ വെള്ളമൊഴിച്ച് പത്തു വിരലുകളിലായി പത്തു ഗ്ലാസുകള്‍ പിടിച്ചു ഒന്നിച്ചു കഴുകിയെടുക്കും. കടുപ്പത്തിലുള്ള ചായ ഇടവേളകളില്ലാതെ നിരത്തി വെച്ച ഗ്ലാസ്സുകളിലേക്ക് പാര്‍ന്നെടുക്കും. ഗ്രാമത്തിന്റെ തിരുശേഷിപ്പുകളില്‍ ഒന്നാണ് കണാരേട്ടന്റെ ഈ ചായക്കൂര.പണ്ട് സ്കൂളിലേക്ക് പോയ വഴി നടന്നു ഇപ്പോഴും ചായ കുടിക്കും ഞാന്‍ കണാരേട്ടന്റെ കടയില്‍ നിന്നും.പിന്നെ കൊരണ ക്കുന്നിലേക്ക് നടന്നു കയറും.അതിന്റെ മുകളിലെ പാറയിലിരുന്നാല്‍ ഞങ്ങളുടെ ഗ്രാമമോന്നാകെ കാണാം.പാറക്കു ചേര്‍ന്നാണ് കേളപ്പെട്ടന്റെ വീട്. കുറെ നേരം പാറയിലിരുന്നു കേളപ്പെട്ടന്റെ കുടിലിലൊന്ന്കയറും. കാണുമ്പോള്‍ കേള പ്പെട്ടന്‍ തുടങ്ങും തന്റെ പിറുപിറുക്കലുകള്‍ .

"ഇങ്ങക്കൊക്കെ ഇപ്പം പൈശ മാത്തിരം മതീലെ..?.അപ്പറത്ത് കണ്ടില്ലേ ഇഞ്ഞ് ഓന്‍ണ്ടാക്കി ബെച്ച ബംഗ്ലാവ്..?ന്റെ ത്ര തെങ്ങാ ഓന്‍ മുറിച്ചേ....?'

"അല്ല കേളപ്പേട്ടാ ഇങ്ങളെന്തിനാ ഇത്രേം എടങ്ങേരായിട്ടു ഇബടെ കെടക്ക്ന്നെ...?ഇങ്ങക്കാടെ പോയി കേടന്നൂദേന്ന്..?"

പിന്നെ ഒന്നും മിണ്ടില്ല കേളപ്പേട്ടന്‍. ഞങ്ങളുടെ നാട്ടിലെ അംഗ്രീകൃത തെങ്ങ് കയറ്റക്കാരനായിരുന്നു കേളപ്പേട്ടന്‍.തെങ്ങുകളുടെ ഇണക്കവും പിണക്കവുമറിയുന്ന പണിക്കാരന്‍.കേളപ്പന്‍ കയറ്റം നിര്‍ത്തിയതില്‍ പിന്നെ തേങ്ങ നന്നായി കുറഞ്ഞെന്നു ഉമ്മ ഇപ്പോഴും പറയും. കൊരണക്കുന്നു കയറി പണ്ട് കുറെ പോയിട്ടുണ്ട് കേളപ്പീട്ടനെ തിരക്കി. അഞ്ചു പ്രാവശ്യം കുന്നു കയറിയാല്‍ തൊട്ടടുത്ത ദിവസം കേളപ്പേട്ടന്‍ തേങ്ങ താഴെയിടുന്ന ശബ്ദം കേട്ടാണ് ഞങ്ങളുനരാറു.പിന്നെ തേങ്ങ പെറുക്കിയിടല്‍ ഞങ്ങടെ പണിയാണ്.തെങ്ങുകേറ്റം കഴിഞ്ഞു കേളപ്പെട്ടന്‍ മുറ്റത്ത്‌വന്നിരുന്ന്തേങ്ങ എണ്ണാന്‍ തുടങ്ങും. "ഒന്ന്,രണ്ടു,മൂന്ന്,...."

കേളപ്പേട്ടന്‍ എണ്ണുമ്പോള്‍ സ്കൂളില്‍ സലാം മാഷ്‌ എണ്ണം പഠിപ്പിക്കുന്നതാണെനിക്കോര്‍മ്മ വരിക. എണ്ണിക്കഴിയുമ്പോ ഉച്ചത്തില്‍ കേളപ്പെട്ടന്‍ വിളിച്ചു പറയാന്‍ തുടങ്ങും.

"അല്ലുമ്മാ,ഞമ്മളെ എണ്ണം കയ്ഞ്ഞ്...പക്കെന്ഗില്‍തേങ്ങ കൊറേ ബാക്കിണ്ട്ന്നു ..."

എണ്ണിപ്പടിപ്പിച്ച പിന്‍തലമുറ നൂറിനപ്പുരത്തുള്ള ലോകം കേളപ്പെട്ടനെ പഠിപ്പിചിരുന്നില്ല . എണ്ണിയതിനുള്ള തേങ്ങയും കണക്കാക്കി അതുമെടുത്ത് കേളപ്പേട്ടന്‍ സ്ഥലം വിടും-ആരെയും വകവെക്കാതെ .




അങ്ങാടിയില്‍ കെട്ടിയുണ്ടാകിയ താല്ക്കാലിക സ്റ്റേജില് സഖാവ് നാണുവേട്ടന്‍ ഖോരഖോരം പ്രസംഗം തുടര്‍ന്ന് കൊണ്ടിരുന്നു. "നമ്മുടെ നാട്ടില്‍ സാമ്രാജ്യത്വ അധിനിവേശ ബൂര്‍ഷ്വാ ശകതികളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കെതിരെ...." നാണുവേട്ടന്‍ പ്രസംഗം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടിസഖാക്കളുടെ അകമ്പടിയോടെ പണ്ട് സ്കൂള്‍ മുറ്റം നിരത്തിയ അപൂര്‍വ ജീവി കൊരണക്കുന്നു കയറുകയായിരുന്നു. മഴതുള്ളികളോട് കലഹിക്കാന്‍ നില്‍കാതെ വെയിലില്‍ തളിര്ക്കാനൊരുങ്ങാതെ പുല്‍നാമ്പുകളോരോന്നും ജെ സീ ബീ യുടെ അട്ടഹാസങ്ങള്‍ക്ക്‌ കാതോര്‍ത്തു തളര്‍ന്നു വീഴുകയായിരുന്നു.പണ്ട് സ്കൂള്‍ പറമ്പില്‍ തടിച്ചു കൂടിയ അതെ ജനക്കൂട്ടം പുതിയ തലമുറയായി കീഴടങ്ങലിന്റെ സ്വരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

കേളപ്പേട്ടന്‍ അപ്പോഴും സ്വന്തം കൂരയിലായിരുന്നു. വികസനത്തിന്റെ സാന്ത്വനങ്ങള്‍ ഇപ്പോള്‍ കേളപ്പേട്ടന്റെ കൂരയെ തൊട്ടു തലോടാന്‍ തുടങ്ങിയിരിക്കുന്നു. പണ്ട് തെങ്ങിന്‍ തലപ്പില്‍ പാഞ്ഞു കയറിയ അതെ ജീവി ഇപ്പൊ തന്റെ തലയ്ക്കു മുകളില്‍ കയറിയിരി ക്കുമ്പോഴും കേളപ്പേട്ടന്‍ ഒന്നും മിണ്ടിയില്ല. ആരെയും കൂസാത്ത കേളപ്പേട്ടന്‍ അതേ ബഹുമാന ഭാരത്തോടെ വീണ്ടും നെടുവീര്‍പ്പിട്ടു.

Monday, February 1, 2010

എല്ലാ പുകളും ഇരൈവനുക്കെ

ഗോള്‍ഡെന്‍ ഗ്ലോബ്,ഓസ്കാര്‍,പത്മ ഭൂഷണ്‍ - ഒടുവില്‍ സംഗീത ലോകത്തെ അത്യുന്നത പുരസ്കാരം-ഗ്രാമി.ഒരു പ്രതിഭയ്ക്ക് കിട്ടാവുന്ന എല്ലാ പുരസ്കാരങ്ങളും നേടി ഓരോ ഭാരതീയന്റെയും അഭിമാനമായി മാറിയ ഏ ആര്‍ റഹ്മാന് ഹൃദയത്തില്‍ തൊട്ട ഭാവുകങ്ങള്‍.

Wednesday, January 20, 2010

ചില കലോല്‍സവക്കാഴ്ചകള്‍

കലയെ നെഞ്ചകത്ത് കൊണ്ട് നടക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ സുവര്‍ണ്ണ ജൂബിലി കലോത്സവത്തിന് തിരശീല വീണു.ഒരുപാട് പ്രത്യേകതകള്‍ അനുഭവപ്പെട്ടു ഈ കലോത്സവത്തിന് .
· മാനാഞ്ചിരയിലും ടൌണ്‍ ഹാളിലും ക്രിസ്തിയന്‍ കോളേജിലും നടക്കുന്നത് എന്ത് തന്നെ ബോറന്‍ പരിപാടിയായാലും വെയിലും പൊടിയും വക വെക്കാതെ ഇരചെത്തിയ ആള്‍ക്കൂട്ടം കോഴിക്കാടല്ലാതെ മറ്റെവിടെയും കാനാന്‍ കഴിയില്ലെന്ന് തോന്നുന്നു.ആരൊക്കെയോ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്റ്റേജില് നടക്കുന്നത് ഒപ്പനയാനെന്നും മാര്‍ഗം കളിയാണെന്നും മോഹിനിയാട്ടമാനെന്നും മനസ്സിലാക്കുകയല്ലാതെ പിന്നില്‍ ഏന്തി വലിഞ്ഞു കാണുന്ന ഞങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ലായിരുന്നു.
· ഒന്നാം സ്ഥാനം കിട്ടിയ ടീം എത്ര തവണ ആവര്‍ത്തിക്കണം തങ്ങളുടെ കളികള്‍.ഉത്തരം ലളിതം.എത്ര ചാനലുകലുണ്ടോ അത്രയും.റിസള്‍ട്ട് വരുമ്പോ ടീമുകളെ തേടിയുള്ള ചാനലുകാരുടെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെ.
· പിന്നെയുമുണ്ട്‌ ചാനല്‍ വിശേഷങ്ങള്‍.കോഴിക്കോട് ടീം സ്വര്‍ണ്ണ കപ്പും വാങ്ങി താഴെയിറങ്ങാന്‍ കാത്തു നിന്നില്ല,തുടങ്ങീ ചാനല്‍ യുദ്ധം.ഒടുവില്‍ കപ്പു രണ്ടു കഷണമായത്രേ.
· കളിക്കുന്നതെന്തന്നരിയാതെയുള്ള കളികളും അത്യുന്നതമായ കല തന്നെയോ..?ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞിറങ്ങിയ പല കുട്ടികള്‍ക്കും തങ്ങള്‍ കളിച്ചതെന്തെന്നരിയില്ലത്രേ.ഗുരു പാടിതന്നത് വള്ളി പുള്ളി തെറ്റാതെ ആടിതകര്‍ത്തു.എ ഗ്രേഡു കിട്ടാന്‍ ഇത് തന്നെ ധാരാളം.ഇവരോ ഭാവിയിലെ നര്‍ത്തകിമാര്‍..?
· ചാനലുകളുടെ അതിപ്രസരം രചനാ വിഭാഗത്തിന്റെ അവഗണനയ്ക്ക് കാരണമായി എന്ന് പറഞ്ഞാല്‍ തെറ്റല്ല.ചാനലുകാര്‍ തിരിഞ്ഞു നോക്കാതവര്‍ക്ക് തങ്ങളെങ്ങനെ തണല്‍ നല്‍കുമെന്ന ചിന്തയിലായെന്നു തോന്നുന്നു പത്ര മാധ്യമങ്ങള്‍.പണ്ട് പലപ്പോഴും കഥയും കവിതയും പത്രങ്ങളില്‍ ചരച്ചയായി വന്നിരുന്നുവെങ്കില്‍ ഇത്തവണ ചാനല്‍ പ്രളയത്തില്‍ എഴുത്തുകാരും ചിത്രകാരന്മാരും ഒലിച്ചു പോയി . പ്രതിഭ വളരാന്‍ മാധ്യമങ്ങളില്ലാതെ പറ്റുമോ ഇക്കാലത്ത്..?
· നാടകം നിരാശപ്പെടുത്തി ഇത്തവണ . കഥയിലും അവതരണത്തിലും പുതുമ പുലര്‍ത്തിയ നാടകങ്ങള്‍ തുലോം കുറവായിരുന്നു. നിലവാര തകര്‍ച്ച നേരിട്ട മറ്റൊരിനം മിമിക്രിയായിരുന്നു.പൂച്ചയും നായയും നടന്മാരും അമ്പലത്തിലെ ഉറുക്കും നികേഷ് കുമാറും തന്നെയായിരുന്നു നിറഞ്ഞു നിന്നത്.
· ഉത്ഖാടന സമ്മേളനത്തില്‍ എം പി ക്കൊരാഗ്രഹം.ഒന്ന് പാടി നോക്കിയാലോ എന്ന്.ആരും തടഞ്ഞില്ല .മാത്രമല്ല ആരോ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തെന്നു തോന്നുന്നു . അതിനാലാകാം ഗാന ഗന്ധര്‍വന്റെ സാന്നിധ്യത്തില്‍ സമാപന ദിവസവും രാഘവന്‍ സാര്‍ തന്റെ കള കൂജനം പുറത്തെടുത്തത്."ഓര്‍മ്മകളെ .കൈവള ചാര്‍ത്തി..."..പാടി തുടങ്ങിയപ്പോ വോട്ടു ചെയ്തു ജയിപ്പിച്ച നാട്ടുകാര്‍ ഒരു കൂവലിന്റെ വക്കിലെതിയപ്പോ രക്ഷിക്കാന്‍ സാക്ഷാല്‍ ഗാന ഗന്ധര്‍വന്റെ ശബ്ദം തന്നെ വേണ്ടി വന്നു. ഒടുവില്‍ കൈതപ്രവും കൂടെ വന്നു പാടാന്‍ തുടങ്ങിയപ്പോ കണ്ടു നിന്നവര്‍ക്ക് അതൊരു അപൂര്‍വ കാഴ്ചയായി.
· കുട്ടിപ്പോലീസുകാരായിരുന്നു മേളയുടെ മറ്റൊരാകര്‍ഷണം. കേരളപോലീസുകാരെ കടത്തി വെട്ടുന്ന ക്രമസമാധാന പാലകരായി കുട്ടിപ്പോലീസ് വിലസിയപ്പോള്‍ കേരള പോലീസിലൊരു പുതിയ വിഭാഗം തുടങ്ങാനുള്ള സാധ്യത അസ്ഥാനത്തല്ലെന്ന് തോന്നിപ്പോയി.
· പച്ചക്കറിക്കും അരിക്കുമെല്ലാം വില കുതിച്ചു കയറിയതിനാലാവാം ഭക്ഷണപ്പുരയില്‍ വിഭവങ്ങള്‍ അത്രയങ്ങ് ഗംഭീരമായില്ലത്രേ. അടുത്തുള്ള പാരാഗണി ല് ഭക്ഷനപ്പുരയെക്കാള്‍ ചിലപ്പോ തിരക്കുമനുഭവപ്പെട്ടു.കോഴിക്കോട് വരെ വന്നു കോഴിക്കോടന്‍ ബിരിയാണിയും കഴിക്കാതെ പോകുകയോ...?
· കേരളത്തിന്റെ സാംസ്കാരിക പയ്തൃകംവിളിച്ചോതുന്ന പല കലകളും ഇന്ന് കാണുന്നത് കലോത്സവ വേദികളില്‍ മാത്രമാണ് . മാര്‍ഗം കളിയും പരിച മുട്ടും ദഫ് മുട്ടും അറബന മുട്ടും കൊല്‍ക്കളിയും ഒപ്പനയും പൂരക്കളിയും തിരുവാതിരയും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പണ്ട് പതിവ് കാഴ്ച്ചയായിരുന്നെങ്കില്‍ ഇന്ന് കലോത്സവ വേദികളില്‍ മാത്രമുള്ള ഒരു അപൂര്‍വ കാഴ്ചയായി ഈ കലകള്‍ മാറിയിരിക്കുന്നു

Wednesday, January 13, 2010

പുഴ ഒഴുകിയ നിമിഷങ്ങള്‍...2001 ജനുവരി 12

മറവി ഒരു അനുഗ്രഹമാണെന്ന് ചിലപ്പോള്‍ മാത്രം തോന്നാറുണ്ട്.കാരണം ജീവിതത്തില്‍ മറക്കാന്‍ തോന്നിയ അനുഭവങ്ങള്‍ വളരെ കുറവാണ് .അങ്ങനെയൊരു ദിവസമായിരുന്നു 2001 ജനുവരി 12.
കവിതകള്‍ മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമേ എഴുതിയിരുന്നുള്ളൂ . അഞ്ചില്‍ പഠിക്കുമ്പോ യുവജനോല്സവതിലാണ് ആദ്യമായി പ്രഭാത കിരണങ്ങള്‍ ചില വരികളായ് കുറിച്ചതും അതിലടങ്ങിയ കവിത സലാം മാഷ്‌ എങ്ങനെയൊക്കെയോ കണ്ടെത്തിയതും.പിന്നെ എല്ലാ യുവജനോത്സവങ്ങളിലും പ്രതീക്ഷയുടെ അമിത ഭാരവുമായി മത്സരിച്ചു.പത്തില്‍ പഠിക്കുമ്പോ പടച്ചോന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം തൊടുപുഴയിലെ സംസ്ഥാന യുവജനോല്സവതിലേക്ക് പങ്കെടുക്കാന്‍ വേണ്ടി വണ്ടി കയറി.കുറെ പ്രതിഭാധനന്മാരുടെ കൂടെയുള്ള അന്നത്തെ അന്തിയുരക്കമൊക്കെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.പിറ്റേന്ന് രാവിലെ ഉണര്‍ന്നു തൊടുപുഴയിലെ മഹാറാണി പബ്ലിക്ക് സ്കൂളിലെ ക്ലാസ് മുറിയില്‍ ചെന്നിരുന്നപ്പോള്‍ ഒരു കവിതയെഴുതാനുള്ള അന്തരീക്ഷമായിരുന്നില്ല.പുറത്തു ബാന്റ് മേള മത്സരം കൊഴു കൊഴുക്കുന്നു. മുമ്പ് ഏതൊക്കെയോ മത്സരങ്ങളില്‍ കേട്ട് പതിഞ്ഞ "പുഴ പറയുന്നത് " എന്ന വിഷയം വന്നപ്പോള്‍ മനസ്സില്‍ തോന്നിയ ചില വരികള്‍ കുത്തിക്കുറിച്ചു.കവിതയെഴുതി പുറത്തിറങ്ങി ചില മത്സര വേദികളിലൂടെ ചുറ്റിക്കരങ്ങുമ്പോഴാണ് മൈക്കിലൂടെ ഒന്നാം സ്ഥാനം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞത്.വാര്‍ത്ത കേട്ടപ്പോ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയായി.മീഡിയ റൂമിലേക്കുള്ള വിളിയായിരുന്നു കാതുകളില്‍ . പക്ഷെ വീട്ടിലേക്കു വിളിച്ചു പറയാനാണ് അപ്പൊ തോന്നിയത്.ഫോണെടുത്തത് താത്തയായിരുന്നു.താതാന്റെ ശബ്ദം ഇടറിയ പോലെ തോന്നി.കുറച്ചു കഴിഞ്ഞപ്പോ തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അളിയന്‍ തോടുപുഴയിലേക്ക് വരുന്നുവെന്നറിഞ്ഞപ്പോള്‍ പെട്ടെന്നെന്തേ ഇങ്ങനെ എന്ന് തോന്നി.അളിയന്‍ വന്ന ഉടനെ വീട്ടിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.മിമിക്രി മത്സരവും നാടകവും കാണാനുള്ള ആഗ്രഹം നടക്കാത്ത നിരാശയില്‍ ഞങ്ങള്‍ മടങ്ങി.ബസ്സ്‌ യാത്രയില്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്ന പാട്ടിന്റെ ശബ്ദം കുറക്കാന്‍ അളിയന്‍ ആവശ്യപ്പെട്ടപ്പോഴും എനിക്ക് ഒരു അപരിചിതത്വം അനുഭവപ്പെട്ടില്ല.ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ് അളിയന്‍ ആ വിവരം പറഞ്ഞത്.ഗള്‍ഫിലുള്ള എളാപ്പ ആക്സിഡന്റില്‍ മരണപ്പെട്ട വിവരം. എന്റെ മനസ്സില്‍ പുഴയെ കുറിച്ചുള്ള ചിന്തകള്‍ വരികളായ് ഒഴുകുന്ന അതെ നിമിഷമാണ് ഞങ്ങളുടെ എളാപ്പ മരണത്തിലേക്ക് ഒഴുകിയിരങ്ങിയത്. എന്നെയായിരുന്നത്രേ എളാ പ്പാക്ക് ഏറെ ഇഷ്ടം ചെറുപ്പത്തില്‍.എളാപ്പാന്റെ ഒരേയൊരു മകന്‍ ഫാഹിമ്ക ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു കൂടുതലും. ഫാഹിമ്ക എന്നെ കെട്ടിപ്പിടിച്ചു കണ്ണീരില്‍ കലര്‍ന്ന പുഞ്ചിരിയാല്‍ അഭിനന്ദിക്കുമ്പോള്‍ ഉള്ളിലൊരു മരവിപ്പായിരുന്നു.ഒന്നാം സ്ഥാനത്തിനു കിട്ടിയ ട്രോഫിയും രൂപയും ചുരുട്ടിപിടിച്ച കൈകള്‍ വിറക്കുകയായിരുന്നു.
ചില നിമിഷങ്ങളില്‍ പുഴ കുളിരായ് ഒഴുകും.ചിലപ്പോ രൌദ്ര ഭാവം-മറക്കാന്‍ കൊതിക്കുന്ന നിമിഷം.പുഴ ഒഴുകുന്നതിനിടയിലെവിടെയോ രണ്ടു ഭാവങ്ങളും ഒരുമിച്ചു കണ്ട നിമിഷങ്ങളായിരുന്നു അവ.ഓര്‍ക്കണമെന്നോ മറക്കനമെന്നോ തോന്നാത്ത ഒരനുഭവം.

Tuesday, January 5, 2010

നേര്‍ക്കാഴ്ച്ചകള്‍

പുറംകാഴ്ചകള്‍
പുതപ്പായ് മൂടുന്നുണ്ട്‌
ഡിസംബര്‍.
ഉള്ളെരിയുമ്പോ
പതിയെ തുറക്കും
ജനല്‍പ്പാളികള്‍.
വെയില്‍ പൊട്ടുകള്‍ തൊടുമ്പോള്‍
അറിയാറുണ്ട് പുറംകാഴ്ചകള്‍.
ഉന്മാദം
വെട്ടി വീഴ്ത്തുന്ന
ദേശീയതയുടെ
കയ്യും കാലും.
കുമ്പിട്ടു നക്കാന്‍
കരാറുകള്‍ , രാഷ്ട്രീയക്കളരികള്‍.
പട്ടിണി പ്പാവതിന്റെ
നെഞ്ചിന് ചൂടളക്കാത്ത
താപമാപിനികള്‍,
ഉച്ചകോടികള്‍ .
അകക്കാഴ്ചകള്‍
കാഴ്ച കണ്ടൊടുവില്‍
ഡിസംബര്‍ പുതപ്പാല്‍ തൊടുമ്പോള്‍
ചുരുങ്ങി ക്കൂടുന്നത്
നിന്നെ പ്രണയിചിട്ടല്ല .
പുറത്തിറങ്ങാന്‍ പേടിയാണിപ്പോ.
പുര നിറഞ്ഞു
രണ്ടെണ്ണം നില്‍ക്കുന്നതും
സ്വര്‍ണ്ണം പതിമൂന്നു കടന്നതും.
തേങ്ങ കിടന്നു നരയ്ക്കുന്നുണ്ട്
പറമ്പിന്‍ മൂലയില്‍.
പെറുക്കിയെടുത്ത് വറ്റു മണികള്‍
വിറക്കും കയ്യാല്‍
കടിച്ചിരക്കാറുണ്ട്.
കണക്കെടുപ്പിനൊടുവില്‍
ശൂന്യമാം
താളില്‍ കോറിയിടുന്നുണ്ട് ,
ചില അക്ഷരങ്ങള്‍
കൂടെ.