Friday, June 5, 2009

കുതിച്ചുയരുന്നതും തകര്‍ന്നടിയുന്നതും......

''ആദ്യം ഉയരാന്‍ തുടങ്ങും...
പിന്നെ വളരാനും.....
ഒടുവില്‍ തളരും....
പിന്നെ തകര്‍ന്നടിയും..... ''
ജീവിതം പഠിപ്പിച്ച പാഠങ്ങളാണ്....
ജീവിച്ചു തീര്‍ത്തയോരോ നിമിഷങ്ങളും.....

** ** ** **
ഉയരുന്നു
പിന്നെ ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി
(മലര്‍പ്പൊടിക്കാരന്റെ പകല്‍ക്കിനാവുകള്‍ )
ഉയരാന്‍ തുടങ്ങിയത് -
വാനോളം ,അതിനുമപ്പുരവും ....


വളരുന്നു
കുറെയേറെ ഗുണിചെടുക്കാന്‍ തുടങ്ങി
അതിലേറെ ഹരിക്കാനും...
അന്ത്യം ഒരുപാടു പൂജ്യങ്ങള്‍ ....
മുമ്പിലെവിടെയോ ഒന്നുന്ടാവുമാകും....
ഊഹങ്ങളാണിവ ....
കടലിനപ്പുരമുള്ള കാഴ്ചകള്‍
മനോഹരമത്രേ....
എന്റെ കണ്ണില്‍ കാണാമത്....
ഹൃദയം കൊണ്ടറിയുമത് ...
വിരലാല്‍ തഴുകുമത്.....

തളരുന്നു
എല്ലാം കുമിളകളത്രെ....
കടലിനപ്പുരം കണ്ടതും കേട്ടതും തൊട്ടരിഞ്ഞതുമെല്ലാം.....
ഒരു തുള്ളി പതിയെ നെഞ്ചോടു ചേര്‍ത്തു...
ഒരു കടല്‍ തന്നെ ഹൃദയത്തില്‍ എരിയാന്‍ തുടങ്ങി ...

തകര്‍ന്നടിയുന്നു
ഒടുവില്‍ കുഴി വെട്ടാന്‍ തുടങ്ങി
കേട്ടിപ്പൂട്ടിയ നാളെകളില്‍
മണ്ണിട്ട് മൂടാനും...
മുകളില്‍ ഊഹക്കണക്കുകളുടെ
മീസാന്‍ കല്ല്‌ ...
വാനോളവും അതിനപ്പുരവും
വളരുന്ന ഒരു ചെടിത്തണ്ടും-
ഇന്നലെകളുടെ ഓര്‍മ്മയ്ക്കായ് .....


Sunday, May 17, 2009

ചുരുള്‍ക്കാഴ്ചകള്‍-2

ആറ് : തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പ്രതീക്ഷകള്‍ക്കുമപ്പുരം കോണ്‍ഗ്രസ്സ്‌ തരംഗം ആഞ്ഞടിച്ചിരിക്കുന്നു ഇന്ത്യ മുഴുവന്‍... വര്‍ഗീയ കക്ഷികളെ അകറ്റാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‌ മാത്രമെ കഴിയൂ എന്ന തിരിച്ചറിവാകണം ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പിച്ച ഈ വിശ്വാസം. ശക്തമായ സാമ്രാജ്യത്വ വിധേയത്വതിലധിഷ്ടിതമായ ഒരു ഭരണത്തിന് പകരം ഇന്ത്യയുടെ അഭിമാനവും അന്തസ്സും കാത്തു സൂക്ഷിക്കുന്ന രീതിയില്‍ ഇനിയൊരന്ജു വര്‍ഷം ഭരിക്കാനുള്ള തിരിച്ചറിവ് കോണ്‍ഗ്രസിന്‌ ഉണ്ടാവുമെന്ന് നമുക്കു പ്രതീക്ഷിക്കാം .അങ്ങനെയെങ്കില്‍ നെഹ്‌റു യുഗത്തിലെക്കാവും കോണ്‍ഗ്രസിന്റെ തിരിച്ചു പോക്ക് .
കോണ്‍ഗ്രസിന്റെ വിജയത്തേക്കാള്‍ ശ്രദ്ധേയമാണ് ഇടതു കക്ഷികള്‍ക്കേറ്റ തിരിച്ചടി. തൊഴിലാളി വര്‍ഗങ്ങളുടെ വിയര്‍പ്പു കണങ്ങളില്‍ പടുതുയര്‍ത്തപ്പെട്ട പ്രസ്ഥാനം സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ ആ ജനതയെ തന്നെ കൈവിടാന്‍ തുടങ്ങിയപ്പോള്‍ സാധാരണക്കാര്‍ക്ക് കോണ്‍ഗ്രെസ്സല്ലാതെ മറ്റൊരു രക്ഷയുമില്ലായിരുന്നു. ആണവ കരാറിനെതിരെ വളരെ ശക്തമായ നിലപാടെടുതപ്പോഴും നന്ദിഗ്രാമും ചെങ്ങറയും ഒടുവില്‍ ലാവലിന്‍ തര്‍ക്കങ്ങളും ജനങ്ങള്‍ വിഡ്ഢികളല്ലെന്ന ശക്തമായ താക്കീതാണ് ഇടതു കക്ഷികള്‍ക്ക് നല്കുന്നത്. സാമ്രാജ്യത്വത്തോടുള്ള ഒളിച്ചുകളിയും ഇടതു നിന്നു കൊണ്ടുള്ള വലതു പക്ഷ ചായ്‌വും ഒഴിവാകിടാത്ത കാലത്തോളം ജന മനസ്സില്‍ ഇനി ഇടതിന് സ്ഥാനമുണ്ടാകില്ല .

Sunday, April 12, 2009

തിരഞ്ഞെടുപ്പ്




ഈ വിരല്‍ തുംബിലത്രേ ജനാധിപത്യം പൂത്തുലയുന്നത്-
ഒരു കറുത്ത പാടില്‍ .....
പിന്നെ സീറ്റ് തര്‍ക്കം ,കസേരകളി ,കുതികാല്‍വെട്ട്‌....
ഇടക്കോരോ പ്രസ്താവനകള്‍ ...
ഉച്ചകോടികള്‍ ... സമാധാന സന്ദേശങ്ങള്‍ .....


മഷി പതിയെ പുരളാന്‍ തുടങ്ങും-
കയ് നിറയെ ....
നോട്ടു കെട്ടുക ളെ ണ്ണി തീരുമ്പോള്‍ കറ പിടിക്കുമത്രേ....
കറുത്ത നിറം ....
ഒരു
കുത്തല്ല , ഒരായിരം കുത്തുകള്‍...
പക്ഷെ ഒന്നുണ്ട്
മായ്ച്ചു കളയാന്‍ എളുപ്പമാണീ കറ ...
അടുത്ത ഇലക്ഷന്‍ വരുമെന്നറിയുമ്പോള്‍ ഒരു മുതലക്കണ്ണീര്‍;
ഒരു പത്ര സമ്മേളനം .
പിറ്റേന്നു കുറ്റവിമുക്തനെന്നൊരു നോട്ടീസും ..

ഇതാണ് ജനാധിപത്യം....
ആരാണ് വിഡ്ഢികള്‍....
കറുത്ത മഷിയില്‍ രാഷ്ട്രം പടുക്കുന്ന ജനമെന്ന കഴുതയോ...
അവരില്‍ രാമരാജ്യം സ്വപ്നം കണ്ട ഗാന്ധി തന്‍ ദര്‍ശനങ്ങലോ.....

ഉത്തരം തേടുമ്പോള്‍
സത്യവാചകം മുഴങ്ങാന്‍
തുടങ്ങും .
അടുത്ത നാടകം തുടങ്ങുകയായി .
ഇനിയൊരു തിരഞ്ഞെടുപ്പിനന്കമോരുങ്ങും വരെ .