മണ്ണില്‍ തളിര്‍ത്തവര്‍
മണ്ണില്‍ വളര്‍ന്നവര്‍
മണ്ണോടു ചേരാതെ
ഊരു വിട്ടോടണം.
കണ്ണീരു വറ്റാത്ത
പാറുവമ്മയ്ക്കുണ്ട്
ഉള്ളോട് ചേരുന്ന
നെല്ലിലും വയലിലും
തുടി കൊട്ടിപ്പാടാന്‍
ചില സങ്കടപ്പാട്ടുകള്‍.
വറ്റാല്‍ തിളക്കണം മണ്കലം-
കുത്തിയിരുന്നോരോ ഉരുളകള്‍,
ചൊല്ലണം പൊയ്കഥകള്‍.
മുടിയിഴകള്‍ നരകീറി
ഊര്‍ന്നു വീഴുമ്പോഴും
ശീലങ്ങള്‍ തെറ്റാതെ
തിരുകണം തുളസിയില.
ഇളകുമ്പോള്‍ കാലന്റെ
കാഹളം മുഴങ്ങുന്ന
ചായ്പിലെ കട്ടിലില്‍
ചാഞൊന്നുറങ്ങണം.
ഉള്ളപ്പോള്‍ പഴിയേറെ
കൊണ്ടുവെന്നാകിലും
പിള്ളേരെ അച്ഛനോടൊപ്പം
ഒടുങ്ങണം.
കൊടിയില്ല നിറമില്ല
അരിവാളിന്‍ മുനയില്ല.
ഒട്ടിയ വയറുണ്ട്,
ഒരു പിടി മണ്ണുണ്ട്.
ഭൂമിക്ക് നോവാതെ ഞങ്ങള്‍ നടന്നോളാം
വികസന ഭ്രാന്തിന്റെ
വയറുകള്‍
നിറയട്ടെ.