Wednesday, January 20, 2010

ചില കലോല്‍സവക്കാഴ്ചകള്‍

കലയെ നെഞ്ചകത്ത് കൊണ്ട് നടക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ സുവര്‍ണ്ണ ജൂബിലി കലോത്സവത്തിന് തിരശീല വീണു.ഒരുപാട് പ്രത്യേകതകള്‍ അനുഭവപ്പെട്ടു ഈ കലോത്സവത്തിന് .
· മാനാഞ്ചിരയിലും ടൌണ്‍ ഹാളിലും ക്രിസ്തിയന്‍ കോളേജിലും നടക്കുന്നത് എന്ത് തന്നെ ബോറന്‍ പരിപാടിയായാലും വെയിലും പൊടിയും വക വെക്കാതെ ഇരചെത്തിയ ആള്‍ക്കൂട്ടം കോഴിക്കാടല്ലാതെ മറ്റെവിടെയും കാനാന്‍ കഴിയില്ലെന്ന് തോന്നുന്നു.ആരൊക്കെയോ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്റ്റേജില് നടക്കുന്നത് ഒപ്പനയാനെന്നും മാര്‍ഗം കളിയാണെന്നും മോഹിനിയാട്ടമാനെന്നും മനസ്സിലാക്കുകയല്ലാതെ പിന്നില്‍ ഏന്തി വലിഞ്ഞു കാണുന്ന ഞങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ലായിരുന്നു.
· ഒന്നാം സ്ഥാനം കിട്ടിയ ടീം എത്ര തവണ ആവര്‍ത്തിക്കണം തങ്ങളുടെ കളികള്‍.ഉത്തരം ലളിതം.എത്ര ചാനലുകലുണ്ടോ അത്രയും.റിസള്‍ട്ട് വരുമ്പോ ടീമുകളെ തേടിയുള്ള ചാനലുകാരുടെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെ.
· പിന്നെയുമുണ്ട്‌ ചാനല്‍ വിശേഷങ്ങള്‍.കോഴിക്കോട് ടീം സ്വര്‍ണ്ണ കപ്പും വാങ്ങി താഴെയിറങ്ങാന്‍ കാത്തു നിന്നില്ല,തുടങ്ങീ ചാനല്‍ യുദ്ധം.ഒടുവില്‍ കപ്പു രണ്ടു കഷണമായത്രേ.
· കളിക്കുന്നതെന്തന്നരിയാതെയുള്ള കളികളും അത്യുന്നതമായ കല തന്നെയോ..?ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞിറങ്ങിയ പല കുട്ടികള്‍ക്കും തങ്ങള്‍ കളിച്ചതെന്തെന്നരിയില്ലത്രേ.ഗുരു പാടിതന്നത് വള്ളി പുള്ളി തെറ്റാതെ ആടിതകര്‍ത്തു.എ ഗ്രേഡു കിട്ടാന്‍ ഇത് തന്നെ ധാരാളം.ഇവരോ ഭാവിയിലെ നര്‍ത്തകിമാര്‍..?
· ചാനലുകളുടെ അതിപ്രസരം രചനാ വിഭാഗത്തിന്റെ അവഗണനയ്ക്ക് കാരണമായി എന്ന് പറഞ്ഞാല്‍ തെറ്റല്ല.ചാനലുകാര്‍ തിരിഞ്ഞു നോക്കാതവര്‍ക്ക് തങ്ങളെങ്ങനെ തണല്‍ നല്‍കുമെന്ന ചിന്തയിലായെന്നു തോന്നുന്നു പത്ര മാധ്യമങ്ങള്‍.പണ്ട് പലപ്പോഴും കഥയും കവിതയും പത്രങ്ങളില്‍ ചരച്ചയായി വന്നിരുന്നുവെങ്കില്‍ ഇത്തവണ ചാനല്‍ പ്രളയത്തില്‍ എഴുത്തുകാരും ചിത്രകാരന്മാരും ഒലിച്ചു പോയി . പ്രതിഭ വളരാന്‍ മാധ്യമങ്ങളില്ലാതെ പറ്റുമോ ഇക്കാലത്ത്..?
· നാടകം നിരാശപ്പെടുത്തി ഇത്തവണ . കഥയിലും അവതരണത്തിലും പുതുമ പുലര്‍ത്തിയ നാടകങ്ങള്‍ തുലോം കുറവായിരുന്നു. നിലവാര തകര്‍ച്ച നേരിട്ട മറ്റൊരിനം മിമിക്രിയായിരുന്നു.പൂച്ചയും നായയും നടന്മാരും അമ്പലത്തിലെ ഉറുക്കും നികേഷ് കുമാറും തന്നെയായിരുന്നു നിറഞ്ഞു നിന്നത്.
· ഉത്ഖാടന സമ്മേളനത്തില്‍ എം പി ക്കൊരാഗ്രഹം.ഒന്ന് പാടി നോക്കിയാലോ എന്ന്.ആരും തടഞ്ഞില്ല .മാത്രമല്ല ആരോ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തെന്നു തോന്നുന്നു . അതിനാലാകാം ഗാന ഗന്ധര്‍വന്റെ സാന്നിധ്യത്തില്‍ സമാപന ദിവസവും രാഘവന്‍ സാര്‍ തന്റെ കള കൂജനം പുറത്തെടുത്തത്."ഓര്‍മ്മകളെ .കൈവള ചാര്‍ത്തി..."..പാടി തുടങ്ങിയപ്പോ വോട്ടു ചെയ്തു ജയിപ്പിച്ച നാട്ടുകാര്‍ ഒരു കൂവലിന്റെ വക്കിലെതിയപ്പോ രക്ഷിക്കാന്‍ സാക്ഷാല്‍ ഗാന ഗന്ധര്‍വന്റെ ശബ്ദം തന്നെ വേണ്ടി വന്നു. ഒടുവില്‍ കൈതപ്രവും കൂടെ വന്നു പാടാന്‍ തുടങ്ങിയപ്പോ കണ്ടു നിന്നവര്‍ക്ക് അതൊരു അപൂര്‍വ കാഴ്ചയായി.
· കുട്ടിപ്പോലീസുകാരായിരുന്നു മേളയുടെ മറ്റൊരാകര്‍ഷണം. കേരളപോലീസുകാരെ കടത്തി വെട്ടുന്ന ക്രമസമാധാന പാലകരായി കുട്ടിപ്പോലീസ് വിലസിയപ്പോള്‍ കേരള പോലീസിലൊരു പുതിയ വിഭാഗം തുടങ്ങാനുള്ള സാധ്യത അസ്ഥാനത്തല്ലെന്ന് തോന്നിപ്പോയി.
· പച്ചക്കറിക്കും അരിക്കുമെല്ലാം വില കുതിച്ചു കയറിയതിനാലാവാം ഭക്ഷണപ്പുരയില്‍ വിഭവങ്ങള്‍ അത്രയങ്ങ് ഗംഭീരമായില്ലത്രേ. അടുത്തുള്ള പാരാഗണി ല് ഭക്ഷനപ്പുരയെക്കാള്‍ ചിലപ്പോ തിരക്കുമനുഭവപ്പെട്ടു.കോഴിക്കോട് വരെ വന്നു കോഴിക്കോടന്‍ ബിരിയാണിയും കഴിക്കാതെ പോകുകയോ...?
· കേരളത്തിന്റെ സാംസ്കാരിക പയ്തൃകംവിളിച്ചോതുന്ന പല കലകളും ഇന്ന് കാണുന്നത് കലോത്സവ വേദികളില്‍ മാത്രമാണ് . മാര്‍ഗം കളിയും പരിച മുട്ടും ദഫ് മുട്ടും അറബന മുട്ടും കൊല്‍ക്കളിയും ഒപ്പനയും പൂരക്കളിയും തിരുവാതിരയും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പണ്ട് പതിവ് കാഴ്ച്ചയായിരുന്നെങ്കില്‍ ഇന്ന് കലോത്സവ വേദികളില്‍ മാത്രമുള്ള ഒരു അപൂര്‍വ കാഴ്ചയായി ഈ കലകള്‍ മാറിയിരിക്കുന്നു

Wednesday, January 13, 2010

പുഴ ഒഴുകിയ നിമിഷങ്ങള്‍...2001 ജനുവരി 12

മറവി ഒരു അനുഗ്രഹമാണെന്ന് ചിലപ്പോള്‍ മാത്രം തോന്നാറുണ്ട്.കാരണം ജീവിതത്തില്‍ മറക്കാന്‍ തോന്നിയ അനുഭവങ്ങള്‍ വളരെ കുറവാണ് .അങ്ങനെയൊരു ദിവസമായിരുന്നു 2001 ജനുവരി 12.
കവിതകള്‍ മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമേ എഴുതിയിരുന്നുള്ളൂ . അഞ്ചില്‍ പഠിക്കുമ്പോ യുവജനോല്സവതിലാണ് ആദ്യമായി പ്രഭാത കിരണങ്ങള്‍ ചില വരികളായ് കുറിച്ചതും അതിലടങ്ങിയ കവിത സലാം മാഷ്‌ എങ്ങനെയൊക്കെയോ കണ്ടെത്തിയതും.പിന്നെ എല്ലാ യുവജനോത്സവങ്ങളിലും പ്രതീക്ഷയുടെ അമിത ഭാരവുമായി മത്സരിച്ചു.പത്തില്‍ പഠിക്കുമ്പോ പടച്ചോന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം തൊടുപുഴയിലെ സംസ്ഥാന യുവജനോല്സവതിലേക്ക് പങ്കെടുക്കാന്‍ വേണ്ടി വണ്ടി കയറി.കുറെ പ്രതിഭാധനന്മാരുടെ കൂടെയുള്ള അന്നത്തെ അന്തിയുരക്കമൊക്കെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.പിറ്റേന്ന് രാവിലെ ഉണര്‍ന്നു തൊടുപുഴയിലെ മഹാറാണി പബ്ലിക്ക് സ്കൂളിലെ ക്ലാസ് മുറിയില്‍ ചെന്നിരുന്നപ്പോള്‍ ഒരു കവിതയെഴുതാനുള്ള അന്തരീക്ഷമായിരുന്നില്ല.പുറത്തു ബാന്റ് മേള മത്സരം കൊഴു കൊഴുക്കുന്നു. മുമ്പ് ഏതൊക്കെയോ മത്സരങ്ങളില്‍ കേട്ട് പതിഞ്ഞ "പുഴ പറയുന്നത് " എന്ന വിഷയം വന്നപ്പോള്‍ മനസ്സില്‍ തോന്നിയ ചില വരികള്‍ കുത്തിക്കുറിച്ചു.കവിതയെഴുതി പുറത്തിറങ്ങി ചില മത്സര വേദികളിലൂടെ ചുറ്റിക്കരങ്ങുമ്പോഴാണ് മൈക്കിലൂടെ ഒന്നാം സ്ഥാനം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞത്.വാര്‍ത്ത കേട്ടപ്പോ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയായി.മീഡിയ റൂമിലേക്കുള്ള വിളിയായിരുന്നു കാതുകളില്‍ . പക്ഷെ വീട്ടിലേക്കു വിളിച്ചു പറയാനാണ് അപ്പൊ തോന്നിയത്.ഫോണെടുത്തത് താത്തയായിരുന്നു.താതാന്റെ ശബ്ദം ഇടറിയ പോലെ തോന്നി.കുറച്ചു കഴിഞ്ഞപ്പോ തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അളിയന്‍ തോടുപുഴയിലേക്ക് വരുന്നുവെന്നറിഞ്ഞപ്പോള്‍ പെട്ടെന്നെന്തേ ഇങ്ങനെ എന്ന് തോന്നി.അളിയന്‍ വന്ന ഉടനെ വീട്ടിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.മിമിക്രി മത്സരവും നാടകവും കാണാനുള്ള ആഗ്രഹം നടക്കാത്ത നിരാശയില്‍ ഞങ്ങള്‍ മടങ്ങി.ബസ്സ്‌ യാത്രയില്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്ന പാട്ടിന്റെ ശബ്ദം കുറക്കാന്‍ അളിയന്‍ ആവശ്യപ്പെട്ടപ്പോഴും എനിക്ക് ഒരു അപരിചിതത്വം അനുഭവപ്പെട്ടില്ല.ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ് അളിയന്‍ ആ വിവരം പറഞ്ഞത്.ഗള്‍ഫിലുള്ള എളാപ്പ ആക്സിഡന്റില്‍ മരണപ്പെട്ട വിവരം. എന്റെ മനസ്സില്‍ പുഴയെ കുറിച്ചുള്ള ചിന്തകള്‍ വരികളായ് ഒഴുകുന്ന അതെ നിമിഷമാണ് ഞങ്ങളുടെ എളാപ്പ മരണത്തിലേക്ക് ഒഴുകിയിരങ്ങിയത്. എന്നെയായിരുന്നത്രേ എളാ പ്പാക്ക് ഏറെ ഇഷ്ടം ചെറുപ്പത്തില്‍.എളാപ്പാന്റെ ഒരേയൊരു മകന്‍ ഫാഹിമ്ക ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു കൂടുതലും. ഫാഹിമ്ക എന്നെ കെട്ടിപ്പിടിച്ചു കണ്ണീരില്‍ കലര്‍ന്ന പുഞ്ചിരിയാല്‍ അഭിനന്ദിക്കുമ്പോള്‍ ഉള്ളിലൊരു മരവിപ്പായിരുന്നു.ഒന്നാം സ്ഥാനത്തിനു കിട്ടിയ ട്രോഫിയും രൂപയും ചുരുട്ടിപിടിച്ച കൈകള്‍ വിറക്കുകയായിരുന്നു.
ചില നിമിഷങ്ങളില്‍ പുഴ കുളിരായ് ഒഴുകും.ചിലപ്പോ രൌദ്ര ഭാവം-മറക്കാന്‍ കൊതിക്കുന്ന നിമിഷം.പുഴ ഒഴുകുന്നതിനിടയിലെവിടെയോ രണ്ടു ഭാവങ്ങളും ഒരുമിച്ചു കണ്ട നിമിഷങ്ങളായിരുന്നു അവ.ഓര്‍ക്കണമെന്നോ മറക്കനമെന്നോ തോന്നാത്ത ഒരനുഭവം.

Tuesday, January 5, 2010

നേര്‍ക്കാഴ്ച്ചകള്‍

പുറംകാഴ്ചകള്‍
പുതപ്പായ് മൂടുന്നുണ്ട്‌
ഡിസംബര്‍.
ഉള്ളെരിയുമ്പോ
പതിയെ തുറക്കും
ജനല്‍പ്പാളികള്‍.
വെയില്‍ പൊട്ടുകള്‍ തൊടുമ്പോള്‍
അറിയാറുണ്ട് പുറംകാഴ്ചകള്‍.
ഉന്മാദം
വെട്ടി വീഴ്ത്തുന്ന
ദേശീയതയുടെ
കയ്യും കാലും.
കുമ്പിട്ടു നക്കാന്‍
കരാറുകള്‍ , രാഷ്ട്രീയക്കളരികള്‍.
പട്ടിണി പ്പാവതിന്റെ
നെഞ്ചിന് ചൂടളക്കാത്ത
താപമാപിനികള്‍,
ഉച്ചകോടികള്‍ .
അകക്കാഴ്ചകള്‍
കാഴ്ച കണ്ടൊടുവില്‍
ഡിസംബര്‍ പുതപ്പാല്‍ തൊടുമ്പോള്‍
ചുരുങ്ങി ക്കൂടുന്നത്
നിന്നെ പ്രണയിചിട്ടല്ല .
പുറത്തിറങ്ങാന്‍ പേടിയാണിപ്പോ.
പുര നിറഞ്ഞു
രണ്ടെണ്ണം നില്‍ക്കുന്നതും
സ്വര്‍ണ്ണം പതിമൂന്നു കടന്നതും.
തേങ്ങ കിടന്നു നരയ്ക്കുന്നുണ്ട്
പറമ്പിന്‍ മൂലയില്‍.
പെറുക്കിയെടുത്ത് വറ്റു മണികള്‍
വിറക്കും കയ്യാല്‍
കടിച്ചിരക്കാറുണ്ട്.
കണക്കെടുപ്പിനൊടുവില്‍
ശൂന്യമാം
താളില്‍ കോറിയിടുന്നുണ്ട് ,
ചില അക്ഷരങ്ങള്‍
കൂടെ.