Wednesday, January 13, 2010

പുഴ ഒഴുകിയ നിമിഷങ്ങള്‍...2001 ജനുവരി 12

മറവി ഒരു അനുഗ്രഹമാണെന്ന് ചിലപ്പോള്‍ മാത്രം തോന്നാറുണ്ട്.കാരണം ജീവിതത്തില്‍ മറക്കാന്‍ തോന്നിയ അനുഭവങ്ങള്‍ വളരെ കുറവാണ് .അങ്ങനെയൊരു ദിവസമായിരുന്നു 2001 ജനുവരി 12.
കവിതകള്‍ മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമേ എഴുതിയിരുന്നുള്ളൂ . അഞ്ചില്‍ പഠിക്കുമ്പോ യുവജനോല്സവതിലാണ് ആദ്യമായി പ്രഭാത കിരണങ്ങള്‍ ചില വരികളായ് കുറിച്ചതും അതിലടങ്ങിയ കവിത സലാം മാഷ്‌ എങ്ങനെയൊക്കെയോ കണ്ടെത്തിയതും.പിന്നെ എല്ലാ യുവജനോത്സവങ്ങളിലും പ്രതീക്ഷയുടെ അമിത ഭാരവുമായി മത്സരിച്ചു.പത്തില്‍ പഠിക്കുമ്പോ പടച്ചോന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം തൊടുപുഴയിലെ സംസ്ഥാന യുവജനോല്സവതിലേക്ക് പങ്കെടുക്കാന്‍ വേണ്ടി വണ്ടി കയറി.കുറെ പ്രതിഭാധനന്മാരുടെ കൂടെയുള്ള അന്നത്തെ അന്തിയുരക്കമൊക്കെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.പിറ്റേന്ന് രാവിലെ ഉണര്‍ന്നു തൊടുപുഴയിലെ മഹാറാണി പബ്ലിക്ക് സ്കൂളിലെ ക്ലാസ് മുറിയില്‍ ചെന്നിരുന്നപ്പോള്‍ ഒരു കവിതയെഴുതാനുള്ള അന്തരീക്ഷമായിരുന്നില്ല.പുറത്തു ബാന്റ് മേള മത്സരം കൊഴു കൊഴുക്കുന്നു. മുമ്പ് ഏതൊക്കെയോ മത്സരങ്ങളില്‍ കേട്ട് പതിഞ്ഞ "പുഴ പറയുന്നത് " എന്ന വിഷയം വന്നപ്പോള്‍ മനസ്സില്‍ തോന്നിയ ചില വരികള്‍ കുത്തിക്കുറിച്ചു.കവിതയെഴുതി പുറത്തിറങ്ങി ചില മത്സര വേദികളിലൂടെ ചുറ്റിക്കരങ്ങുമ്പോഴാണ് മൈക്കിലൂടെ ഒന്നാം സ്ഥാനം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞത്.വാര്‍ത്ത കേട്ടപ്പോ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയായി.മീഡിയ റൂമിലേക്കുള്ള വിളിയായിരുന്നു കാതുകളില്‍ . പക്ഷെ വീട്ടിലേക്കു വിളിച്ചു പറയാനാണ് അപ്പൊ തോന്നിയത്.ഫോണെടുത്തത് താത്തയായിരുന്നു.താതാന്റെ ശബ്ദം ഇടറിയ പോലെ തോന്നി.കുറച്ചു കഴിഞ്ഞപ്പോ തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അളിയന്‍ തോടുപുഴയിലേക്ക് വരുന്നുവെന്നറിഞ്ഞപ്പോള്‍ പെട്ടെന്നെന്തേ ഇങ്ങനെ എന്ന് തോന്നി.അളിയന്‍ വന്ന ഉടനെ വീട്ടിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.മിമിക്രി മത്സരവും നാടകവും കാണാനുള്ള ആഗ്രഹം നടക്കാത്ത നിരാശയില്‍ ഞങ്ങള്‍ മടങ്ങി.ബസ്സ്‌ യാത്രയില്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്ന പാട്ടിന്റെ ശബ്ദം കുറക്കാന്‍ അളിയന്‍ ആവശ്യപ്പെട്ടപ്പോഴും എനിക്ക് ഒരു അപരിചിതത്വം അനുഭവപ്പെട്ടില്ല.ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ് അളിയന്‍ ആ വിവരം പറഞ്ഞത്.ഗള്‍ഫിലുള്ള എളാപ്പ ആക്സിഡന്റില്‍ മരണപ്പെട്ട വിവരം. എന്റെ മനസ്സില്‍ പുഴയെ കുറിച്ചുള്ള ചിന്തകള്‍ വരികളായ് ഒഴുകുന്ന അതെ നിമിഷമാണ് ഞങ്ങളുടെ എളാപ്പ മരണത്തിലേക്ക് ഒഴുകിയിരങ്ങിയത്. എന്നെയായിരുന്നത്രേ എളാ പ്പാക്ക് ഏറെ ഇഷ്ടം ചെറുപ്പത്തില്‍.എളാപ്പാന്റെ ഒരേയൊരു മകന്‍ ഫാഹിമ്ക ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു കൂടുതലും. ഫാഹിമ്ക എന്നെ കെട്ടിപ്പിടിച്ചു കണ്ണീരില്‍ കലര്‍ന്ന പുഞ്ചിരിയാല്‍ അഭിനന്ദിക്കുമ്പോള്‍ ഉള്ളിലൊരു മരവിപ്പായിരുന്നു.ഒന്നാം സ്ഥാനത്തിനു കിട്ടിയ ട്രോഫിയും രൂപയും ചുരുട്ടിപിടിച്ച കൈകള്‍ വിറക്കുകയായിരുന്നു.
ചില നിമിഷങ്ങളില്‍ പുഴ കുളിരായ് ഒഴുകും.ചിലപ്പോ രൌദ്ര ഭാവം-മറക്കാന്‍ കൊതിക്കുന്ന നിമിഷം.പുഴ ഒഴുകുന്നതിനിടയിലെവിടെയോ രണ്ടു ഭാവങ്ങളും ഒരുമിച്ചു കണ്ട നിമിഷങ്ങളായിരുന്നു അവ.ഓര്‍ക്കണമെന്നോ മറക്കനമെന്നോ തോന്നാത്ത ഒരനുഭവം.

6 comments:

shahir chennamangallur said...

ചില നിമിഷങ്ങളില്‍ പുഴ കുളിരായ് ഒഴുകും.ചിലപ്പോ രൌദ്ര ഭാവം-


yes.. realy

ശ്രദ്ധേയന്‍ | shradheyan said...

എളാപ്പയുടെ ആത്മാവിനു നിത്യശാന്തി... മുഫാദിലെ പ്രതിഭയ്ക്ക് ഭാവുകങ്ങള്‍.

കൂതറHashimܓ said...

യുവജനോല്സവത്തിൽ സമ്മാനൊം കിട്ടിയതു അറിഞ്ഞിരുന്നു,
എളാപ്പയുടെ നിര്യാണം ഇപ്പോളാണറിഞ്ഞത്...

കാട്ടിപ്പരുത്തി said...

നല്ലയൊരോർമ്മക്കുറിപ്പ്-വേദന നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു-

കവിത ഇനിയും പൊടിതട്ടി ബൂലോകത്തിലേക്കു വിട്ടോളൂ-

വാഴക്കോടന്‍ ‍// vazhakodan said...

മുഫാദ്, നല്ലൊരു ഓര്‍മ്മക്കുറിപ്പ്.നന്നായി !!

Unknown said...

Touching story...Very well written...Keep blogging...