Wednesday, February 3, 2010

കേളപ്പേട്ടന്റെ നെടുവീര്‍പ്പുകള്‍

ആദ്യ നെടുവീര്‍പ്പ്
അന്നാണ് കേളപ്പേട്ടന്‍ ആദ്യമായി നെടുവീര്‍പ്പിട്ടത്.അമ്മദാജി മുണ്ടും പൊക്കി ഓടുന്നത് പറമ്പത്തെ തെങ്ങിന്‍ മുകളിലിരുന്നു കേളപെട്ടന്‍ കണ്ടു.അങ്ങനെയൊന്നും അമ്മദാജി ഓടാറില്ല.കൊണ്ടോട്ടീന്നു കെട്ടിക്കൊണ്ടു വന്ന പാതുമ്മതാത്ത ആദ്യ പേറ്റുനോവാല്‍ പുളയുംബോഴും അമ്മദാജി ഓടിയിരുന്നില്ല .

"അല്ലാന്ന്,ങ്ങളെട്തെക്കാ പായ്ന്നെ...ബല്ലാതൊരു പാച്ചില്‍....അങ്ങാടിലെന്ത്നാ പോത്ത്‌ പെറ്റ്ക്ക്ണ്ടാ...?" തെങ്ങിന്‍ മുകളിലിരുന്ന് കേളപ്പെട്ടന്‍ വിളിച്ചു ചോദിച്ചു.

"സ്കൂള്‍ പറമ്പില് എന്തോര് ജീവി ബന്ന്ക്ക്ണ്ട്...ഇഞ്ഞ് ബേം കീഞ്ഞിക്ക് പോരി.."
മൂത്ത് നിന്ന കരിക്ക് ഒറ്റ വലിക്കു താഴേക്കിട്ടു കേളപെട്ടന്‍ ഓടി-സ്കൂള്‍ പറമ്പിലേക്ക്. നാട്ടുകാര് മൊത്തമുന്ടായിരുന്നവിടെ. എവിടെയെത്തിയാലും കേളപ്പെട്ടനൊരു സ്വഭാവമുണ്ട്.തെങ്ങിന്റെ തലപ്പതെക്കാണ്നോട്ടം.
തെങ്ങില്‍ തലപ്പില്‍ പല്ല് വെച്ചുരക്കുന്ന ജീവിയെ കണ്ടപ്പോ കൂട്ടത്തിലാരോ വിളിച്ചു പറയാന്‍ തുടങ്ങി. "അമ്മാമന്‍ ബന്ടീന്റെ എളിയയായിട്ട് ബരുമിത്..."

"ജെ സി ബി യെന്നും പറയാം "നാട്ടിലല്പം ലോക വിവരമുള്ള കരീം മാഷ്‌ തന്റെ എന്സൈക്ലോപീഡിയ തുറക്കാന്‍ തുടങ്ങി.

ആരെയും ഇത് വരെ വില വെക്കാതിരുന്ന കേളപ്പെട്ടന് അന്നാദ്യമായി ബഹുമാന ഭാരത്താല്‍ തന്റെ തല താഴുന്നത് പോലെ തോന്നി.ഒറ്റയടിക്ക് തെങ്ങിന്‍ തലപ്പില്‍ കയറിപ്പറ്റുന്ന ആ ജീവിയെ മനസ്സില്‍ ധ്യാനിച്ച്‌ കേളപ്പെട്ടന്‍ ജീവിതത്തിലാദ്യമായി നെടുവീര്‍പ്പിട്ടു.


അവസാന നെടുവീര്‍പ്പ്

തഴമ്പ് കയറി കട്ട പിടിച്ച കാല്‍ തഴുകി കേളപ്പട്ടന്‍ പിറുപിറുത്തു.. കൊരണക്കുന്നിന്റെ മുകളിലെ ചെറ്റക്കുടിലിലിരുന്നു കേളപ്പേട്ടന്‍ പിരുപിരുക്കുന്നത് താഴെ കണാരേട്ടന്റെ കുമിട്ടിയിലിരുന്നു ചായ നുണയുന്നവര്‍ക്ക് വ്യക്തമായി കേള്‍ക്കാം. പണ്ട് നാട്ടു വര്‍ത്തമാനങ്ങളും രാഷ്ട്രീയവും ഇടക്കൊരോ തല്ലുമോക്കെയായി സജീവമായിരുന്നത്രേ കണാരേട്ടന്റെ ചായക്കട.ഞങ്ങളുടെ സ്കൂളിലേക്കുള്ള വഴിയിലായതിനാല്‍ ഇടയ്ക്കു ഞങ്ങളും കൂടും,ഒന്നുമറിയില്ലെങ്കിലും.കണാരേട്ടന്‍ ചായ പാരുന്നത് കാണാന്‍ നല്ല രസമായിരുന്നു. ആദ്യം വന്ന ആളുകളുടെ എണ്ണമെടുക്കും. പിന്നെ അത്രയും എണ്ണത്തിന് ഒന്ന് കൂടുതല്‍ എന്ന കണക്കില്‍ ഗ്ലാസ് നിരത്തി വെക്കും മണ്ണ് കെട്ടിയുണ്ടാക്കിയ തിണ്ണയില്‍.ആ ഒരു ഗ്ലാസ് കണാരേട്ടനാണ്.പിന്നെ ഒന്നിച്ചു ഗ്ലാസ്സുകളില്‍ വെള്ളമൊഴിച്ച് പത്തു വിരലുകളിലായി പത്തു ഗ്ലാസുകള്‍ പിടിച്ചു ഒന്നിച്ചു കഴുകിയെടുക്കും. കടുപ്പത്തിലുള്ള ചായ ഇടവേളകളില്ലാതെ നിരത്തി വെച്ച ഗ്ലാസ്സുകളിലേക്ക് പാര്‍ന്നെടുക്കും. ഗ്രാമത്തിന്റെ തിരുശേഷിപ്പുകളില്‍ ഒന്നാണ് കണാരേട്ടന്റെ ഈ ചായക്കൂര.പണ്ട് സ്കൂളിലേക്ക് പോയ വഴി നടന്നു ഇപ്പോഴും ചായ കുടിക്കും ഞാന്‍ കണാരേട്ടന്റെ കടയില്‍ നിന്നും.പിന്നെ കൊരണ ക്കുന്നിലേക്ക് നടന്നു കയറും.അതിന്റെ മുകളിലെ പാറയിലിരുന്നാല്‍ ഞങ്ങളുടെ ഗ്രാമമോന്നാകെ കാണാം.പാറക്കു ചേര്‍ന്നാണ് കേളപ്പെട്ടന്റെ വീട്. കുറെ നേരം പാറയിലിരുന്നു കേളപ്പെട്ടന്റെ കുടിലിലൊന്ന്കയറും. കാണുമ്പോള്‍ കേള പ്പെട്ടന്‍ തുടങ്ങും തന്റെ പിറുപിറുക്കലുകള്‍ .

"ഇങ്ങക്കൊക്കെ ഇപ്പം പൈശ മാത്തിരം മതീലെ..?.അപ്പറത്ത് കണ്ടില്ലേ ഇഞ്ഞ് ഓന്‍ണ്ടാക്കി ബെച്ച ബംഗ്ലാവ്..?ന്റെ ത്ര തെങ്ങാ ഓന്‍ മുറിച്ചേ....?'

"അല്ല കേളപ്പേട്ടാ ഇങ്ങളെന്തിനാ ഇത്രേം എടങ്ങേരായിട്ടു ഇബടെ കെടക്ക്ന്നെ...?ഇങ്ങക്കാടെ പോയി കേടന്നൂദേന്ന്..?"

പിന്നെ ഒന്നും മിണ്ടില്ല കേളപ്പേട്ടന്‍. ഞങ്ങളുടെ നാട്ടിലെ അംഗ്രീകൃത തെങ്ങ് കയറ്റക്കാരനായിരുന്നു കേളപ്പേട്ടന്‍.തെങ്ങുകളുടെ ഇണക്കവും പിണക്കവുമറിയുന്ന പണിക്കാരന്‍.കേളപ്പന്‍ കയറ്റം നിര്‍ത്തിയതില്‍ പിന്നെ തേങ്ങ നന്നായി കുറഞ്ഞെന്നു ഉമ്മ ഇപ്പോഴും പറയും. കൊരണക്കുന്നു കയറി പണ്ട് കുറെ പോയിട്ടുണ്ട് കേളപ്പീട്ടനെ തിരക്കി. അഞ്ചു പ്രാവശ്യം കുന്നു കയറിയാല്‍ തൊട്ടടുത്ത ദിവസം കേളപ്പേട്ടന്‍ തേങ്ങ താഴെയിടുന്ന ശബ്ദം കേട്ടാണ് ഞങ്ങളുനരാറു.പിന്നെ തേങ്ങ പെറുക്കിയിടല്‍ ഞങ്ങടെ പണിയാണ്.തെങ്ങുകേറ്റം കഴിഞ്ഞു കേളപ്പെട്ടന്‍ മുറ്റത്ത്‌വന്നിരുന്ന്തേങ്ങ എണ്ണാന്‍ തുടങ്ങും. "ഒന്ന്,രണ്ടു,മൂന്ന്,...."

കേളപ്പേട്ടന്‍ എണ്ണുമ്പോള്‍ സ്കൂളില്‍ സലാം മാഷ്‌ എണ്ണം പഠിപ്പിക്കുന്നതാണെനിക്കോര്‍മ്മ വരിക. എണ്ണിക്കഴിയുമ്പോ ഉച്ചത്തില്‍ കേളപ്പെട്ടന്‍ വിളിച്ചു പറയാന്‍ തുടങ്ങും.

"അല്ലുമ്മാ,ഞമ്മളെ എണ്ണം കയ്ഞ്ഞ്...പക്കെന്ഗില്‍തേങ്ങ കൊറേ ബാക്കിണ്ട്ന്നു ..."

എണ്ണിപ്പടിപ്പിച്ച പിന്‍തലമുറ നൂറിനപ്പുരത്തുള്ള ലോകം കേളപ്പെട്ടനെ പഠിപ്പിചിരുന്നില്ല . എണ്ണിയതിനുള്ള തേങ്ങയും കണക്കാക്കി അതുമെടുത്ത് കേളപ്പേട്ടന്‍ സ്ഥലം വിടും-ആരെയും വകവെക്കാതെ .
അങ്ങാടിയില്‍ കെട്ടിയുണ്ടാകിയ താല്ക്കാലിക സ്റ്റേജില് സഖാവ് നാണുവേട്ടന്‍ ഖോരഖോരം പ്രസംഗം തുടര്‍ന്ന് കൊണ്ടിരുന്നു. "നമ്മുടെ നാട്ടില്‍ സാമ്രാജ്യത്വ അധിനിവേശ ബൂര്‍ഷ്വാ ശകതികളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കെതിരെ...." നാണുവേട്ടന്‍ പ്രസംഗം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടിസഖാക്കളുടെ അകമ്പടിയോടെ പണ്ട് സ്കൂള്‍ മുറ്റം നിരത്തിയ അപൂര്‍വ ജീവി കൊരണക്കുന്നു കയറുകയായിരുന്നു. മഴതുള്ളികളോട് കലഹിക്കാന്‍ നില്‍കാതെ വെയിലില്‍ തളിര്ക്കാനൊരുങ്ങാതെ പുല്‍നാമ്പുകളോരോന്നും ജെ സീ ബീ യുടെ അട്ടഹാസങ്ങള്‍ക്ക്‌ കാതോര്‍ത്തു തളര്‍ന്നു വീഴുകയായിരുന്നു.പണ്ട് സ്കൂള്‍ പറമ്പില്‍ തടിച്ചു കൂടിയ അതെ ജനക്കൂട്ടം പുതിയ തലമുറയായി കീഴടങ്ങലിന്റെ സ്വരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

കേളപ്പേട്ടന്‍ അപ്പോഴും സ്വന്തം കൂരയിലായിരുന്നു. വികസനത്തിന്റെ സാന്ത്വനങ്ങള്‍ ഇപ്പോള്‍ കേളപ്പേട്ടന്റെ കൂരയെ തൊട്ടു തലോടാന്‍ തുടങ്ങിയിരിക്കുന്നു. പണ്ട് തെങ്ങിന്‍ തലപ്പില്‍ പാഞ്ഞു കയറിയ അതെ ജീവി ഇപ്പൊ തന്റെ തലയ്ക്കു മുകളില്‍ കയറിയിരി ക്കുമ്പോഴും കേളപ്പേട്ടന്‍ ഒന്നും മിണ്ടിയില്ല. ആരെയും കൂസാത്ത കേളപ്പേട്ടന്‍ അതേ ബഹുമാന ഭാരത്തോടെ വീണ്ടും നെടുവീര്‍പ്പിട്ടു.

10 comments:

കൂതറHashimܓ said...

നന്നായിട്ടുണ്ട്... :)

എറക്കാടൻ / Erakkadan said...

കേളപ്പെട്ടനും തേങ്ങയും നന്നായി.......

pattepadamramji said...

അപൂര്‍വ ജിവിയാണ് കഥയുടെ കാതലെങ്കിലും അത് ശരിക്കും മനസ്സിലാകത്തക്ക രീതിയില്‍ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞോ എന്നെനിക്ക് സംശയമുണ്ട്. കണാരെട്ടന്റെ ചായക്കടയുടെ യഥാര്‍ത്ത ചിത്രം നന്നായി വരച്ചു.
ആശംസകള്‍.

ശ്രദ്ധേയന്‍ | shradheyan said...

കായക്കൊടി വിട്ടെങ്കിലും കൊരണക്കുന്നിനെയും ചായപ്പീടികയെയും മനസ്സില്‍ സൂക്ഷിക്കുന്നതിന് നന്ദി. ശരിയാണ് മുഫാദ്, ഇന്ന് കൊരണയുടെ മുകളില്‍ റിസോട്ടുകള്‍ ഉയരുകയാണ്. പ്രതിഷേധത്തിന്റെ വിരലനക്കം പോലുമില്ലാതെ തലകുനിച്ചിരിക്കുന്ന വിപ്ലവ ജനത എല്ലാറ്റിനും സാക്ഷികളായുമുണ്ട്..!! അപൂര്‍വ ജീവി അല്ല, മുഷ്ടിചുരുട്ടി മൗനം പാലിക്കുന്നവര്‍ക്ക് നേരെയുള്ള വിമര്‍ശമാണ് കഥയുടെ കാമ്പെന്നു എനിക്ക് തോന്നുന്നു. അഭിനന്ദനങ്ങള്‍.

വാഴക്കോടന്‍ ‍// vazhakodan said...

ഒരു കഥാകാരനെന്ന നിലയ്ക്കുള്ള തുടക്കം നന്നായി. ഇനിയും എഴുതുക.എല്ലാവിധ ആശംസകളും

മുഫാദ്‌/\mufad said...

കൂതറHashimܓ
എറക്കാടൻ / Erakkadan
pattepadamramji
ശ്രദ്ധേയന്‍ | shradheyan
വാഴക്കോടന്‍ ‍// vazhakodan

നന്ദി..വായനക്കും വാക്കുകള്‍ക്കും..

@pattepadamramji
വികസനത്തിന്റെ പേരില്‍ പാവപ്പെട്ടവന്റെ കുടിപ്പാടം കവര്‍ന്നെടുക്കുന്ന നിത്യ കാഴ്ചകളെയാണ് വരച്ചു വെക്കാന്‍ ശ്രമിച്ചത്.ജെ സി ബീ എന്ന പണ്ടത്തെ അപൂര്‍വ ജീവി കുന്നുകള്‍ ഇടിച്ചു നിരത്തുമ്പോള്‍ അവിടെ നഷ്ടപ്പെടുന്നത് പലരുടെയും ജീവിതമാണ്.കഥയുടെ ഉള്ളറിഞ്ഞുള്ള വിമര്‍ശനത്തിന് പ്രത്യേക നന്ദി.

@ശ്രദ്ധേയന്‍ | shradheyan
വളര്‍ന്ന നാടിന്റെ ഓര്‍മ്മകള്‍ തന്നെ പലതും.


@വാഴക്കോടന്‍ ‍// vazhakodan
കഥ എഴുതിയാലോ എന്ന് തോന്നിയതും എഴുതിയതും ഒക്കെ പെട്ടെന്നായിരുന്നു.വാഴക്കൊടനെ പോലുള്ള പരിചയ സമ്പന്നരുടെ വാക്കുകള്‍ വഴികളില്‍ പ്രചോദനമാകുന്നു.നന്ദി.

അരുണ്‍ കായംകുളം said...

ഇത് ഞാന്‍ വായിച്ചതാരുന്നു, രസിക്കുകയും ചെയ്തു.നന്നായിട്ട് എഴുതി, കമന്‍റ്‌ ഇട്ടെന്ന് കരുതിയതാ, ഇന്ന് ചിന്തയില്‍ വീണ്ടൂം കണ്ട് കേറിയപ്പോ എന്‍റെ കമന്‍റ്‌ കാണാനില്ല :(
എഗൈന്‍ ഞാന്‍(ഇത് 2ആം പ്രാവശ്യാ)

മുഫാദ്‌/\mufad said...

അരുണ്‍ കായംകുളം
വായനക്ക് നന്ദി..
ആദ്യ കമന്റിനു പ്രത്യേക നന്ദി.

അമീന്‍ വി സി said...

നന്നായിട്ടുണ്ട്..

ശ്രീ said...

കൊള്ളാം.